കണ്ണൂര്‍: പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനം ത്യാഗസന്നദ്ധതയുടെയും മാനവിക ഐക്യത്തിന്റെ വിളംബരമാണെന്ന് കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപം ഇസ്ലാഹി സെന്റര്‍ ഒരുക്കിയ ഹജജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗീയതയുമില്ലാതെ എല്ലാവരും സമന്മാരാണെന്ന മഹനീയ സന്ദേശം ഹജ്ജില്‍ ഏറെ പ്രകടമാണ്. ഒരേ വസ്ത്രം ധരിച്ച്, ഒരേ പ്രാര്‍ത്ഥനാ മന്ത്രം ഉരുവിട്ട്, ഒരേ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് കൊണ്ടാണ് ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഹജജ് നിര്‍വ്വഹിക്കുന്നത്. അവിടെ ഉന്നതനെന്നോ താഴ്ന്നവനെന്നോ, സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ, അറബിയെന്നോ, അനറബിയെന്നോ ഉള്ള യാതൊരു വ്യത്യാസമില്ലാതെ എല്ലാവരും ഐക്യപ്പെടുകയാണ്.
മഹാനായ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതചരിത്രം അനുസ്മരിക്കുന്ന മഹത്തായ കര്‍മ്മമാണ് ഹജജ് എന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് നടന്ന പഠന ക്ലാസ്സിന് മൗലവി അബ്ദുസ്സലാം മോങ്ങം, ഹാഫിള് ഉനൈസ് പാപ്പിനിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കെ.എന്‍.എം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.കെ. ഇബ്രാഹിം ഹാജി ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ: എ.എ. ബഷീര്‍, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ ഉളിയില്‍, ഡോ: അബ്ദുറഹ്‌മാന്‍ കൊളത്തായി, ഡോ: മുഹമ്മദ് ഫാറൂഖ്, പി.പി.അബൂബക്കര്‍ (പാര്‍ക്കോ) മഹ്‌മൂദ് വാരം, അലി ശ്രീകണ്ഠപുരം, ഫൈസല്‍ ദയാനഗര്‍ പി.പി.മുഹമ്മദലി മട്ടനൂര്‍, കെ.കെ.അബ്ദുള്ള, ഹാഷിം മാസ്റ്റര്‍ ടി.വി,
ഇ.അലി ഹാജി കടവത്തൂര്‍, കെ. നിസാമുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ധാരാളം ഹാജിമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഈ ക്യാമ്പില്‍ എല്ലാവര്‍ക്കും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.