ഭുവനേശ്വര്‍: ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ട്രെയിന്‍ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്.
അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ഇന്നലെ ഏഴ് മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ മരണസംഖ്യ 280ല്‍ കൂടുതല്‍ ആയി. 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്.