കൊല്‍ക്കത്ത: ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ദുരന്തത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ അലംഭവാമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ദുരത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ടി.എം.സി എം.പി ഡെറക് ഒബ്രിയാനാണ് കേന്ദ്ര മന്ത്രിയ്ക്ക് എതിരെ പ്രതികരണവുമായെത്തിയത്. അപകടങ്ങള്‍ തടയാന്‍ ട്രെയിനുകളില്‍ ആന്റി കൊളിഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്രം അലംഭാവം കാണിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ചാരപ്പണി ചെയ്യാന്‍ കോടിക്കണക്കിന് രൂപ സോഫ്റ്റ്വെയറിനായി ചെലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതു വഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
‘രാജ്യത്തെ നടുക്കിയ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. അപകടത്തില്‍ ഇരുനൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ കുടുംബാംഗങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ. സംഭവത്തില്‍ മനസാക്ഷിയുണ്ടങ്കില്‍ റെയില്‍വേ മന്ത്രി രാജിവെക്കണം’ ഡെറക് ഒബ്രിയാന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
അതേസമയം, ബാലസോര്‍ അപകടത്തെ കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദ്രുതഗതിയില്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് പിന്നാലെതന്നെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.