ആശങ്കയുണര്‍ത്തുന്ന ട്രെയിനപകടങ്ങള്‍

ആശങ്കയുണര്‍ത്തുന്ന ട്രെയിനപകടങ്ങള്‍

അത്യന്തം ദുഃഖകരമായ ഒരുവാര്‍ത്തയാണ് ഒഡീഷയില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അവിടെ ട്രെയിനുകള്‍ പാളം തെറ്റി നിരവധി പേര്‍ മരിക്കുകയും ഒട്ടനവധി പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12864) കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിലായത്. ബാലസോര്‍ ജില്ലയിലെ ബഹനാഗബസാറില്‍ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. യശ്വന്ത്പുരില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളം തെറ്റിമറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറംമാണ്ഡല്‍ എക്‌സ്പ്രസ് ഇതിനെ ഇടിച്ച് മറിയുകയും തുടര്‍ന്ന് ചരക്ക് തീവണ്ടിയിലും ഇടിക്കുകയായിരുന്നുവെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും റെയില്‍വേ ദുരിതാശ്വാസം പ്രഖ്യാപിക്കുയും രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യമാകെ ഈ ദുരന്തത്തിന്റ വേദനയിലാണ്. യാത്രകളില്‍ ഏറ്റവും സുരക്ഷിതമായ യാത്രകളിലൊന്നാണ് ട്രെയിന്‍ യാത്ര. പൊതുജനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന യാത്രാസൗകര്യമാണിത്. താരതമ്യേന അപകടങ്ങള്‍ കുറവുമാണ്. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റെയില്‍വേ വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലും ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. അപകടത്തെപ്പറ്റി റെയില്‍വേ നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാവൂ. അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

2012ല്‍ ആന്ധ്രാപ്രദേശ് അതിര്‍ത്തിക്കടുത്തുണ്ടായ അപകടത്തില്‍ 25 പേരാണ് മരണപ്പെട്ടത്. 2014ല്‍ ഉത്തര്‍പ്രദേശിലെ ശാന്ത്‌നഗറിലുണ്ടായ അപകടത്തില്‍ 25 പേരും 2016ല്‍ ഉണ്ടായ പാട്‌ന എക്‌സ്പ്രസ് ദുരന്തത്തില്‍ 150 പേരും 2017 ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലുണ്ടായ അപകടത്തില്‍ 23 പേരും 2022 ജനുവരിയില്‍ ബിക്കാനീര്‍-ഗുവാഹത്തി എക്‌സ്പ്രസ് ദുരന്തത്തില്‍ ഒമ്പത് പേരും മരിക്കുകയുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടക്കുണ്ടായ ട്രെയിന്‍ ദുരന്തങ്ങളാണിത്. ഈ അപകടങ്ങളില്‍ നിരവധിപേര്‍ മരിക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സുരക്ഷയെക്കുറിച്ച് കൂടുകല്‍ ഗൗരവത്തോടെയുള്ള ആലോചനകളും നടപടികളും അനിവാര്യമാണ്. ഇത്തരും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *