അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ ഷാജീവന. ആനയെ കാടിന് പുറത്തേക്ക് എത്തിക്കാന്‍ തമിഴ്നാട് അരിയും സാധനങ്ങളും വച്ചുകൊടുത്തു എന്നായിരുന്നു പ്രചാരണം. തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ പ്രചാരണം നിഷേധിച്ചു. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയില്‍ തെറ്റായ വിവരങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഉടപെടല്‍.
നിലവില്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ അവസാനം ലഭിക്കുമ്പോള്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് ആന സഞ്ചരിച്ചത്. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളില്‍ ഉള്ള തോട്ടത്തില്‍ നിന്ന് പത്തോളം വാഴകള്‍ പറിച്ച് തിന്നിരുന്നു. ഉള്‍ക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ചുരുളിപ്പെട്ടി മുതല്‍ ചിന്നമനൂര്‍ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.