ഏറ്റുമാനൂര്‍: അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഇല്ല എന്നും അടിയന്തരമായി സേവനം അനുവദിക്കണമെന്നും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ഇപ്പോള്‍ രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുകയുള്ളൂ. അതിരമ്പുഴ മാന്നാനം കൈപ്പുഴ നീണ്ടൂര്‍, മണ്ണാര്‍കുന്നാല്‍, ആനമല, കാണക്കാരി, ഏറ്റുമാനൂര്‍, ചെറുവാണ്ടൂര്‍, നാല്‍പത്തിമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പനിയോ ശ്വാസംമുട്ടലോ ഉണ്ടായാല്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ടി വരും.
പനിക്ക് വേണ്ടി രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളജില്‍ പോയി ചികിത്സ തേടുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അധികാരികളില്‍ നിന്നും അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് മാന്നാനം സുരേഷ് പറഞ്ഞു.