ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 850 കോടി രൂപ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തര്‍ഷികളുടെ പ്രതിമകള്‍ തകര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. മഹാകാല്‍ ലോക് ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഏഴ് സപ്തര്‍ഷികളുടെ കൂറ്റന്‍ വിഗ്രഹങ്ങളില്‍ ആറെണ്ണവും മഴയിലും കാറ്റിലും തകര്‍ന്നുവീണു. തുടര്‍ന്നാണ് മധ്യപ്രദേശ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.
മെയ് 28ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരിക്കെ പ്രതിമകള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. അറ്റകുറ്റപ്പണികള്‍ക്കായി ഇവിടം താല്‍ക്കാലികമായി അടച്ചു. ശക്തമായ കാറ്റാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 850 കോടി രൂപയുടെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. നിലവാരം കുറഞ്ഞ നിര്‍മാണമാണ് പ്രതിമകള്‍ തകരാന്‍ കാരണമെന്നും അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാകാല്‍ ലോക് ഇടനാഴിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണ് ലോകായുക്ത അന്വേഷിക്കുന്നത്. ആദ്യത്തെ പരാതിയില്‍ ഉജ്ജയിന്‍ ജില്ലാ കലക്ടറും മറ്റ് രണ്ട് ഐ.എ.എസ് ഓഫിസര്‍മാരും ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകായുക്ത ജസ്റ്റിസ് എന്‍.കെ ഗുപ്ത സ്വമേധയാ നടപടികള്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.