140 കിലോമീറ്ററില്‍ അധികമുള്ള സ്വകാര്യബസ് പെര്‍മിറ്റ് റദ്ദാക്കല്‍; ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

140 കിലോമീറ്ററില്‍ അധികമുള്ള സ്വകാര്യബസ് പെര്‍മിറ്റ് റദ്ദാക്കല്‍; ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. കഴിഞ്ഞ മേയ് മൂന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സ്‌കീമിലെ വ്യവസ്ഥപ്രകാരം 140 കിലോമീറ്ററിലധികം ദൂരം സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.

ഇത് നിലവില്‍വന്നതോടെ പെര്‍മിറ്റ് പുതുക്കിനല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, സ്‌കീം സ്റ്റേ ചെയ്യണമെന്ന ആവശ്യംതള്ളി. ഈ ആവശ്യം പ്രഥമദൃഷ്ട്യാ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ 140 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. സ്‌കീമിന്റെ കരട് 2020 സെപ്റ്റംബര്‍ 14-നാണ് പ്രസിദ്ധീകരിച്ചത്. പുതിയ സ്‌കീമിന് രൂപംനല്‍കിയാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ലെന്നും സ്‌കീം നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇനി താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *