ലൈംഗികാവശ്യം നിരസിച്ചാല്‍ ഭാവി തകര്‍ക്കുമെന്ന് ഭീഷണി; ബ്രിജ് ഭൂഷണെതിരേ രണ്ട് എഫ്.ഐ.ആര്‍

ലൈംഗികാവശ്യം നിരസിച്ചാല്‍ ഭാവി തകര്‍ക്കുമെന്ന് ഭീഷണി; ബ്രിജ് ഭൂഷണെതിരേ രണ്ട് എഫ്.ഐ.ആര്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരേ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആര്‍. എഫ്.ഐ.ആറില്‍ ബ്രിജ് ഭൂഷണെതിരേ ഗുരുതര കുറ്റാരോപണങ്ങള്‍. കായികതാരങ്ങള്‍ക്ക് ന്യൂട്രീഷണല്‍ സപ്ലിമെന്റ് വാഗ്ദാനം ചെയ്ത് പകരമായി ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള 15 സംഭവങ്ങളും എഫ്.ഐ.ആറില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരമാണ് എഫ്.ഐ.ആറുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോട്ടോ എടുക്കാനെന്ന വ്യാജേനെ അടുത്തിരുത്തി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഉപദ്രവം തുടര്‍ന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. ലൈംഗിക ആവശ്യം നിരസിക്കുന്ന കായികതാരങ്ങളെ ബ്രിജ് ഭൂഷണ്‍ ഭീഷണിപ്പെടുത്തിയതായും ഭാവിയിലെ ടൂര്‍ണമെന്റുകളില്‍ പരിഗണിക്കില്ലെന്ന് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു.

കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് കേസുകളാണ് എഫ്.ഐ.ആറിലുള്ളത്. കായികതാരങ്ങളില്‍ ഭയവും ഉത്കണ്ഠയും നിറച്ച് പീഡിപ്പിക്കുന്നുവെന്നതടക്കം കായികതാരങ്ങള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും രണ്ട് എഫ്.ഐ.ആറിലായുണ്ട്. ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്.ഐ.ആറിലുള്ളത്. 354, 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നീ വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.

മറ്റൊരു എഫ്ഐആര്‍ മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ ബ്രിജ് ഭൂഷണെതിരേ ആറ് ഗുസ്തി താരങ്ങള്‍ വെളിപ്പെടുത്തിയ ലൈംഗിക പരാതികളാണുള്ളത്. താരങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നും രണ്ടാം എഫ്.ഐ.ആറില്‍ വിശദമാക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *