ന്യൂഡല്‍ഹി: രാജ്യദ്യോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്‍. രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന നിയമമായ 124 എ നിയമം നിലനിര്‍ത്തണമെന്നും കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും 22ാമത് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നിയമം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില മാറ്റങ്ങളോടെ നിയമം നിലനിര്‍ത്തണമെന്നാണ് 22ാം നിയമന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കൊളോണിയല്‍ ഭരണകാലത്തെ നിയമമെന്ന നിലയിലല്ല 124 എ വകുപ്പ് ഭേദഗതി ചെയ്യേണ്ടത്. നിയമത്തിന്റെ ദുരുപയോഗം തടയേണ്ടതുണ്ട്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. 1973 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 196(3), 154 എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താം. ഈ സാഹചര്യം ഐ.പി.സി 124 എ വകുപ്പ് പ്രകാരമുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കുറ്റാരോപിതര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഋതുരാജ് അവസ്തി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കുറഞ്ഞ ശിക്ഷ നിലവില്‍ മൂന്ന് വര്‍ഷമാണ്. ഇത് ഏഴ് വര്‍ഷമാക്കണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്തണം. പിഴ ശിക്ഷയും വേണമെന്നും ശുപാര്‍ശയുണ്ട്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടൂള്ളൂ. നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. മറ്റു രാജ്യങ്ങള്‍ നിയമം റദ്ദാക്കിയത് കൊണ്ട് ഇന്ത്യയില്‍ നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതാെണന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ വകുപ്പിന്റെ പുനഃപരിശോധനയില്‍ തീരുമാനമാകുംവരെ 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കോടതി തടഞ്ഞിരുന്നു. 124എ നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ ബന്ധപ്പെട്ട സമിതികള്‍ തീരുമാനമെടുക്കുംവരെ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ ഈ വകുപ്പ് ചുമത്തി കേസെടുക്കരുതെന്നായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എതിര്‍ശബ്ദങ്ങളുടെ നാവരിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെ ആയിരുന്നു കോടതിയില്‍നിന്ന് ഇത്തരമൊരു ഉത്തരവ് പുറത്തുവന്നത്.