ചാലക്കര പുരുഷു
മാഹി: അറബിക്കടലും മയ്യഴിപ്പുഴയും ഇഴചേരുന്ന അഴീമുഖത്തെ പഴയ മൂപ്പന്‍ സായ്പിന്റെ ബംഗ്ലാവിന്റെ കടലിന്നഭിമുഖമായ വിശാലമായ ചുമരില്‍ ഇനി മയ്യഴിയുടെ ചരിത്രവും മിത്തുക്കളും മിഴി തുറക്കും. തുറമുഖത്തിലേക്കും, ഹില്‍ ടോപ്പിലേക്കുമുള്ള പുഴയോര നടപ്പാതയുടെ സഞ്ചാരവഴികളിലാണ് മയ്യഴിയുടെ ഗതകാല ചരിത്രം പറയുന്ന വര്‍ണ ചിത്രങ്ങള്‍ കണ്‍ തുറക്കുന്നത്. 233 വര്‍ഷക്കാലം ഫ്രഞ്ച് ഭരണാധികാരികളുടെ ആസ്ഥാനമായ മൂപ്പന്‍ ബംഗ്ലാവിന്റെ പുറംചുമര്‍ ഇനി ചരിത്രവും സംസ്‌കൃതിയും സംഗമിക്കുന്ന മയ്യഴിയുടെ ചരിത്ര ചിത്ര ഭൂമികയാവും.
പുരാതന ദേവാലയങ്ങളായ മയ്യഴിയമ്മയുടെ പള്ളി, മഞ്ചക്കല്‍ ജുമാ മസ്ജിദ്, പുത്തലത്തെ ആദി തീയ്യ ക്ഷേത്രം, മയ്യഴി മെറി (നഗരസഭാ കാര്യാലയം) ലൈറ്റ് ഹൗസ്, ഹൗസ് ബോട്ട്, മയ്യഴിയിലെ അനുഷ്ഠാനകലകള്‍, നാടന്‍ കലാരൂപങ്ങള്‍, പ്രകൃതി മനോഹാരിത തുടങ്ങി സന്ദര്‍ശകര്‍ക്ക് മയ്യഴിയെ അറിയാനുള്ളതെല്ലാം ഈ ചുമര്‍ ചിത്രങ്ങളിലൂടെ വായിച്ചെടുക്കാം.
പുതുച്ചേരി ഗാന്ധി ആര്‍ട്‌സിലെ തിലക് രാജിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കലാകാര കൂട്ടായ്മയാണ് ജീവന്‍ തുടിക്കുന്ന ചുമര്‍ ചിത്രങ്ങള്‍ വരയുന്നത്. മൂപ്പന്‍ ബംഗ്ലാവിന്റെ, ടാഗോര്‍ ഉദ്യാനത്തിന്റെ ഭാഗത്തുള്ള അതിവിശാലമായ ചുമരില്‍ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ചുമര്‍ ശില്‍പ്പങ്ങളായി നേരത്തെ കൊത്തിവച്ചിട്ടുണ്ട്.