കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആരോപണ വിധേയനായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനമാണ് അദേഹം രാജിവെച്ചത്. രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. എന്നാല്‍, ഇത് അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ഇക്കാര്യത്തില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. വേദനയില്‍ പങ്കുചേര്‍ന്നവരോടും പ്രാര്‍ത്ഥിച്ചവരോടും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു.
നേരത്തെ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.