വാഷിങ്ടണ്‍: 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുല്‍ വ്യക്തമാക്കി.യു.എസ് പര്യടനത്തിനിടെ വാഷിങ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചത്.
കോണ്‍ഗ്രസ് അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആളുകളെ അത്ഭുതപ്പെടുത്തുന്നതാകും. അടുത്ത മൂന്നോ നാലോ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കാത്തിരുന്ന് കാണുക. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ മികച്ച സൂചനകളാവും അവ. പ്രതിപക്ഷം വളരെ നന്നായി ഐക്യപ്പെട്ടിരിക്കുന്നു. അത് കൂടുതല്‍ ഐക്യപ്പെടുന്നതായി ഞാന്‍ കരുതുന്നു. ഞങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും സംഭാഷണം നടത്തുകയാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു സങ്കീര്‍ണമായ ചര്‍ച്ചയാണ്. കാരണം ഞങ്ങളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതിനാല്‍, ഇത് ആവശ്യാനുസരണം കുറച്ച് കൊടുക്കലുകളും വാങ്ങലുകളുമാണ്. പക്ഷേ ഐക്യം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെ പത്ര, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, സമ്പദ്വ്യവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധി മറുപടി നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടത്തിയ പരിപാടിയിലും രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.