‘ഗുസ്തി താരങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നീതി കാണിക്കണം’

‘ഗുസ്തി താരങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നീതി കാണിക്കണം’

രാജ്യത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ മാസം ഏഴുമുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തോട് കേന്ദ്രസര്‍ക്കാര്‍ നീതിപരമായി ഇടപെടണം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും ഇയാളുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് അവര്‍ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരേ ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പ്രക്ഷോഭത്തിന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഐക്യദാര്‍ഢ്യവുമുയരുന്നുണ്ട്. നീതി ലഭിക്കുംവരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഗുസ്തി താരങ്ങള്‍ കഴിഞ്ഞദിവസം അതികഠിനമായ തീരുമാനമാണ് എടുത്തത്.

അവര്‍ രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്നാണ് പ്രഖ്യാപിച്ചത്. കടുത്ത ഇടപെടലുകള്‍ക്ക് ശേഷമാണ് അവരെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായത്. സ്വന്തം ജീവിതം ഗുസ്തിക്കായി സമര്‍പ്പിച്ച് ലോകോത്തര നേട്ടം രാജ്യത്തിന് സമ്മാനിച്ച കായിക താരങ്ങളുടെ ഹൃദയവേദന കേന്ദ്രസര്‍ക്കാര്‍ കണ്ണ് തുറന്ന് കാണണം. ആരോപണ വിധേയനായ ബ്രിജ്ഭൂഷണിനെ നിയമ നടപടിക്ക് വിധേയമാക്കണം. അന്താരാഷ്ട്ര തലത്തില്‍ പോലും ഈ വിഷയം രാജ്യത്തിന് മാനക്കേടുണ്ടാക്കിയിരിക്കുകയാണ്.  അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനടക്കം വിഷയത്തിലിടപെട്ട് കഴിഞ്ഞിട്ടും ഡല്‍ഹി പോലിസിനും കേന്ദ്രസര്‍ക്കാരിനും പ്രശ്‌നത്തിന്റെ ഗൗരവം കാണാനാവത്തത്, നീതിക്ക് വേണ്ടി വിലപിക്കുന്നവരുടെ ശബ്ദം രാജ്യത്ത് അവഗണിക്കപ്പെടുകയാണോ എന്ന തോന്നലാണുണ്ടാക്കുക.

ഗുസ്തിതാരങ്ങള്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് സമരം തുടങ്ങിയത് ജനുവരിയിലായിരുന്നു. അന്ന് നിയോഗിച്ച മുന്‍ വനിതാ ബോക്‌സിംഗ് താരം മേരികോമിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആറ് തവണ എം.പിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് ബി.ജെ.പിയുടെ പ്രമുഖ നേതാവാണ്. 2012 മുതല്‍ 2022 വരെ നടന്ന സംഭവങ്ങളില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ പ്രധാനമായും ഉന്നയിക്കപ്പെട്ടിട്ടുള്ളത് ലൈംഗികാരോപണമാണ്. ഇയാള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി പോലിസാണ്. പോലിസിന്റെ ഭാഷ്യം പലപ്പോഴും വ്യക്തതയില്ലാത്തതായി മാറുകയാണ്. ശരിയായ അന്വേഷണം നടത്തി ഗുസ്തിതാരങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

Share

Leave a Reply

Your email address will not be published. Required fields are marked *