കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള യുപി സ്വദേശിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കസ്റ്റഡിയില്‍ ഉള്ള ആള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആകും അറസ്റ്റ്.
പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങള്‍ രാത്രിയും പോലീസ് പരിശോധിച്ചിരുന്നു. അതേസമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിട്ടുണ്ട്.
നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സുരക്ഷ പരിശോധനയും അന്വേഷണവും റെയില്‍വേ അധികൃതരും ഇന്ന് നടത്തും. ഇതിനിടെ കണ്ണൂരില്‍ തീപിടിത്തമുണ്ടായ ട്രെയിനില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. കേസ് ഉടന്‍ എന്‍.ഐ.എ എറ്റെടുത്തേക്കില്ലെന്നാണ് സൂചന.
എലത്തൂര്‍ തീവയ്പ്പിന് പിന്നാലെ എക്‌സിക്യുട്ടീവ് ട്രെയിനില്‍ രണ്ടാമതും തീപിടുത്തമുണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സികളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്