അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം: അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരണക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്.

പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളോടാണ് എതിര്‍പ്പുള്ളത്. പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലും വലിയ എതിര്‍പ്പാണുള്ളത്. ലോക കേരളസഭ മൊത്തത്തിലൊരു പ്രാഞ്ചിയേട്ടന്‍ പരിപാടിയായി മാറുകയും സാധാരണ പ്രവാസിയുടെ സാന്നിധ്യം അതില്‍ ഇല്ലാതെ വരുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് മാറിനിന്നതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

കേരളത്തിനും പ്രവാസികള്‍ക്കും എന്തു നേട്ടമാണ് ഈ പ്രസ്ഥാനംകൊണ്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രവാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന കെട്ടുകാഴ്ചയായി മാറിയ ലോകകേരളസഭ ഈ രീതിയില്‍ തുടരണോയെന്നും പുനര്‍വിചിന്തനം ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ ചെലവ് അവിടെയുള്ള പ്രവാസികളാണ് വഹിക്കുന്നതെങ്കിലും ഇവിടെനിന്ന് പോകുന്ന മുഖ്യമന്ത്രിയുടെയും മന്ത്രി സംഘത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ചെലവ് ജനങ്ങളാണ് വഹിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുമ്പോള്‍ ഇത്തരം ധൂര്‍ത്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ്. മുഖ്യമന്ത്രിയുടെ ആഢംബരത്തിനും ധൂര്‍ത്തിനും അലങ്കാരമായി ലോകകേരളസഭ മാറിയിരിക്കുന്നു. ലോകകേരള സഭയുടെ സമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്മാറണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *