തലശ്ശേരി: കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 2021 ലെ വി.വി.കെ സാഹിത്യ പുരസ്‌ക്കാര ജേതാവിനെയും ഐ.വി ദാസ് മാധ്യമ പുരസ്‌ക്കാര ജേതാവിനെയുംപ്രഖ്യാപിച്ചു. വി.വി.കെ സാഹിത്യ പുരസ്‌ക്കാരത്തിന് എ.പി ജ്യോതിര്‍മയി അര്‍ഹയായി. നോവല്‍ സാഹിത്യ രംഗത്ത് ജ്യോതിര്‍മയി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിംഗും അടങ്ങുന്നതാണ് അവാര്‍ഡ് 16 നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ലെ ഐ.വി ദാസ് മാധ്യമ പുരസ്‌ക്കാരത്തിന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ടെലിവിഷന്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഹര്‍ഷന്‍. 2021 മുതല്‍ സ്വതന്ത്ര മാധ്യമ സംരഭമായ ട്രൂ കോപ്പി തിങ്കിന്റെ അസോസിയേറ്റ് എഡിറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് അവാര്‍ഡ് സമിതി ചെയര്‍മാന്‍ കാരായി രാജന്‍ പറഞ്ഞു. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രട്ടറി പി.എം ഹേമലത, രാജ കുറുപ്പ്, പൊന്ന്യം ചന്ദ്രന്‍, കാടയത്ത് പ്രകാശന്‍, പി. പ്രസന്നന്‍, നഫീസത്തുല്‍ മിസ്‌രിയ തുടങ്ങിയവര്‍ പങ്കെടുത്തു.