തിരുനെല്‍വേലി: വേഷം മാറിയെത്തിയ മരുമകള്‍ അമ്മായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തിരുനെല്‍വേലിയിലാണ് സംഭവം. മകന്റെ വേഷത്തിലാണ് മരുമകള്‍ കൊലപാതകത്തിനായി എത്തിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വീട് മാറി താമസിച്ചിട്ടും പ്രശ്‌നം അവസാനിക്കാത്തതിലാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച രാവിലെയാണ് തലയില്‍ നിന്ന് രക്തം ഒഴുകുന്ന രീതിയില്‍ സീതാ ലക്ഷ്മിയെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തിലാണ് സീതാ ലക്ഷ്മിയുടെ തല തകര്‍ന്നത്. അവശനിലയിലായിരുന്ന ഇവരെ ഭര്‍ത്താവ് ഷണ്‍മുഖ വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. സീതാ ലക്ഷ്മിയുടെ ഭര്‍ത്താവ് തൊഴുത്തിലേക്ക് പോയ തക്കത്തില്‍ വീട്ടിലേക്ക് ഇരുമ്പ് പൈപ്പുമായി ട്രാക്ക് സ്യൂട്ടും ഹെല്‍മെറ്റും ധരിച്ചൊരാള്‍ കയറുന്നതും പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പിന്നാലെ ഭാര്യയുടെ നിലവിളി കേട്ട് തൊഴുത്തില്‍ നിന്ന് ഷണ്‍മുഖ വേല്‍ എത്തുമ്പോള്‍ മരുമകള്‍ മഹാലക്ഷ്മിയും സഹായിക്കാന്‍ എത്തിയിരുന്നു. അമ്മായിഅമ്മയുടെ മാല തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളാണ് ആക്രമിച്ചതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മഹാലക്ഷ്മി പൊലീസിനോട് പറഞ്ഞിരുന്നു. മഹാലക്ഷ്മിയും സീതാലക്ഷ്മിയും നിരന്തരമായി കലഹിക്കാറുണ്ടെന്നും വീട് മാറേണ്ട സാഹചര്യം വരെ ഉണ്ടായെന്നും അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
സ്വത്ത് കാര്യങ്ങളില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍. മഹാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.