അഗതിമന്ദിരത്തിലെ അന്തേവാസിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

അഗതിമന്ദിരത്തിലെ അന്തേവാസിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

മാഹി: മയ്യഴിയിലെ സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ വൃദ്ധയുടെ ഒന്നേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണ മാല കാണാതായതായി പരാതി. കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ അന്തേവാസിനിയായ ദേവി(75)യുടെ സ്വര്‍ണമാലയാണ് ഒന്‍പത് മാസം മുമ്പ് മാഹി പള്ളി പെരുന്നാള്‍ വേളയില്‍ കാണാതായത്. മാല പെട്ടിയില്‍ അടച്ച് പൂട്ടിയതായിരുന്നു. പെട്ടിയില്‍ നിന്ന് കാണാതായപ്പോള്‍ ദേവി നടത്തിപ്പുകാരായ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്ററെ വിവരമറിയിച്ചതിന് ശേഷം പോലിസില്‍ പരാതി നല്‍കാമെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. എന്നാല്‍ ആര്‍.എയെ വിവരമറിയിച്ചില്ലെന്ന് മാത്രമല്ല, തനിക്ക് പരാതിയില്ലെന്ന് ഒരു താല്‍ക്കാലിക ജീവനക്കാരി എഴുത്തും വായനയും വശമില്ലാത്ത ഇവരില്‍ നിന്നും എഴുതിക്കൊടുത്ത കടലാസില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നു.

ചൊക്ലിയില്‍ ദശകങ്ങളായി ജോലി ചെയ്ത വീട്ടില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് രണ്ട് പവന്റെ മാല ഇവര്‍ വാങ്ങിയത്. ഇതേ വൃദ്ധസദനത്തില്‍ വച്ച് മുമ്പ് മാല പൊട്ടിയത് കണ്ടപ്പോള്‍ അത് കൂട്ടിച്ചേര്‍ക്കാന്‍ കൊണ്ടുപോയി തിരിച്ച് കൊണ്ടുവന്നപ്പോള്‍ ഒന്നേമുക്കാല്‍ പവനായി മാറുകയായിരുന്നു. സ്വര്‍ണമാല കാണാതായ വിവരം ആരോടും പറഞ്ഞ് പോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് പ്രവേശനവും നിഷേധിച്ചു. ഇവരെ വര്‍ഷങ്ങളായി പുറത്ത് വിടാറില്ല. ഇതിന് മുമ്പ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പതിവായി ഇവിടം സന്ദര്‍ശിക്കുകയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം നല്‍കുമായിരുന്നു.

ഇവരെ പാര്‍ക്കിലും മറ്റും കൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ആര്‍.എയുടെ അനുമതി തേടിയായിരിക്കണമെന്ന് ഇവര്‍ നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തു. നൂലാമാലകള്‍ മൂലം സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടം സന്ദര്‍ശിക്കാതായി. എന്നാല്‍ ഇപ്പോള്‍ ഹോട്ടലില്‍ നിന്നാണ് ഇവര്‍ക്ക് ജീവനക്കാര്‍ ഭക്ഷണം വാങ്ങിച്ച് നല്‍കുന്നത്. കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകയായ സി.കെ രാജലക്ഷ്മി വൃദ്ധസദനം സന്ദര്‍ശിച്ചപ്പോഴാണ് അന്തേവാസികള്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാഹി പോലിസ് സി.ഐ.യെ വിവരമറിയിക്കുകയും എസ്.ഐ. രാധാകൃഷ്ണന്‍ സ്ഥലത്തെത്തി മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *