കോയമ്പത്തൂര്‍: ഇന്ത്യയെ മനുവാദികളുടെ രാജ്യമാക്കി മോദി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്. പുതിയ പാര്‍ലിമെന്റ് കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പാര്‍ലിമെന്റിന്റെ അധ്യക്ഷയായ രാഷ്ട്രപതിയെ പോലും ഒഴിവാക്കി സവര്‍ണ സന്യാസിമാരെ സഭയ്ക്കകത്തു കൊണ്ടുവന്നു പൂജ ചെയ്യിച്ചു പാദ പ്രണാമം ചെയ്തു മോദി. മതേതര രാഷ്ട്രമാണെന്ന് എഴുതിവെച്ച ഭരണഘടന നിലവിലുള്ള രാജ്യത്താണ് സവര്‍ണ ഹിന്ദു സന്യാസിമാരില്‍ നിന്ന് അധികാരത്തിന്റെ പ്രതീകമാണെന്ന് അവകാശപെട്ടുകൊണ്ട് ചെങ്കോല്‍ സ്വീകരിച്ചത്.
ദളിത് വിഭാഗത്തില്‍ പെട്ട ആള്‍ ആയത് കൊണ്ടാണോ രാഷ്ട്രപതിയെ ഒഴിവാക്കിയത് എന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന നേതൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാം മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഷെയ്ഖ് നൂര്‍ ഉല്‍ ആമീന്‍, ദേശീയ വക്താവ് മനോജ് ടി. സാരംഗ്, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു, കോവൈ സുന്ദര്‍, ആര്‍. നാഗേന്ദ്രന്‍, കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.