തിരുവനന്തപുരം: ബേപ്പൂര്‍-ഗള്‍ഫ് സെക്ടറില്‍ ആദ്യം ചാര്‍ട്ടേഡ് യാത്ര കപ്പല്‍ സര്‍വീസും, തുടര്‍ന്ന് സ്ഥിരം സര്‍വീസുമാരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി തിരുവനന്തപുരം ടെറസ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിമാന, കപ്പല്‍-കമ്പനി പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷ – അവധിവേളകളിലെ അമിത വിമാന നിരക്ക് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതുമൂലം സാധാരണ വിമാന യാത്രക്കാര്‍ ദുരിതത്തിലും ആശങ്കയിലും ആണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഈ ആവശ്യത്തിന് വളരെ അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും തുറമുഖ, ടൂറിസം മന്ത്രിമാരും മാരിബോര്‍ഡ് ചെയര്‍മാനും നോര്‍ക്ക ജനറല്‍ മാനേജറും സ്വീകരിച്ചത്. കോഴിക്കോട്, കായംകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞ ദിവസങ്ങളില്‍ചേര്‍ന്ന് ആവശ്യകതയും സാധ്യതയും മനസ്സിലാക്കിയാണ് തിരുവനന്തപുരത്ത് യോഗം നടത്തിയത്. യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള അധ്യക്ഷത വഹിച്ചു.
മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു. കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജരും സര്‍ക്കാര്‍ അഡിഷനല്‍ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി, കേരള മാരി ടൈം ബോര്‍ഡ് മെമ്പര്‍ അഡ്വ. സുനില്‍ ഹരിന്ദ്രന്‍, തുറമുഖ ഡെപ്യൂട്ടി ഡയരക്ടര്‍ അശ്വിനി പ്രതാപ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സിജോ ഗോര്‍ഡസ്. ബേബി കിഴക്കുഭാഗം, കപ്പല്‍ വിമാന കമ്പനി പ്രതിനിധികളായ മുരുകന്‍ വാസുദേവന്‍, സുദര്‍ശന്‍.പി, അലക്‌സാം ക്രിസ്തുമസ്, സുരേഷ് കുമാര്‍.പി, മിനി വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു. എം.ഡി.സി വൈസ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ സ്വാഗതവും മാരി ടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ടി.പി സലീംകുമാര്‍ ഐ.ആര്‍.എസ് നന്ദിയും പറഞ്ഞു.