മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല: 150 മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടമാകാന്‍ സാധ്യത

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല: 150 മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടമാകാന്‍ സാധ്യത

മുംബൈ: രാജ്യത്തെ 150 മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നഷ്ടമാകാന്‍ സാധ്യത. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ (എന്‍.എം.സി) അംഗീകാരമാണ് നഷ്ടപ്പെടാന്‍ സാധ്യത. പ്രവര്‍ത്തിക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. നിലവില്‍ 40ഓളം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു. നിലവില്‍ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയുള്ള കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് എന്‍.എം.സിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അംഗീകാരം ലഭിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു.
ക്യാമറകള്‍ കൃത്യമായി സ്ഥാപിച്ചിട്ടില്ലെന്നും, പ്രവര്‍ത്തനയോഗ്യമായ ക്യാമറകള്‍ ഉപയോഗിക്കുന്നില്ലെന്നും തുടങ്ങി മാനദണ്ഡ ലംഘനങ്ങളുടെ പരമ്പര തന്നെ കോളേജുകളില്‍ കമ്മീഷന്‍ കണ്ടെത്തി. ഫാക്കല്‍റ്റി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായും, ബയോമെട്രിക് സൗകര്യം പ്രവര്‍ത്തന സജ്ജമല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിയമങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്നും, നല്ല ഡോക്ടര്‍മാരെ സൃഷ്ടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസമായി കമ്മീഷന്റെ ബിരുദ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ്, കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജര്‍ നടപടിയില്‍ തിരിമറികള്‍ നടക്കുന്നതായും സി.സി.ടി.വി ക്യാമറകള്‍, ഫാക്കല്‍റ്റി ചുമതലകള്‍ എന്നിവയിലെ മാനദണ്ഡങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ പാലിക്കുന്നില്ലെന്നും വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നിലവില്‍ ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളാണ് എന്‍.എം.സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

എന്നാല്‍, മെഡിക്കല്‍ കോളേജുകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. എന്‍.എം.സിക്ക് മുന്‍പാകെ 30 ദിവസത്തിനകം ആദ്യ അപ്പീല്‍ നല്‍കാന്‍ സാധിക്കും. അപ്പീല്‍ തള്ളുന്ന സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാം. അതേസമയം, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായ മെഡിക്കല്‍ കോളേജുകളോ, സീറ്റുകളോ ഇല്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായാല്‍ വലിയ തിരിച്ചടി ഉണ്ടാകും.

കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014 മുതല്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം രണ്ട് തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. 2014ല്‍ രാജ്യത്ത് 387 മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്. 2023-ല്‍ ഇത് 660 ആയി ഉയര്‍ന്നു. എന്നാല്‍ പെട്ടെന്ന് ഇത്രയധികം മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയാല്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം നാലിലൊന്നായി കുറയും.

Share

Leave a Reply

Your email address will not be published. Required fields are marked *