കോഴിക്കോട്: ബാലറ്റ് പേപ്പര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഒപ്പുശേഖരണത്തിന് കോഴിക്കോട്ടെ ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമായിരിക്കണമെന്നാഗ്രഹിക്കുന്നവരാണ് കോഴിക്കോട്ടുക്കാരെന്നും ക്യാമ്പയിന്‍ വിജയിപ്പിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും തൃശൂര്‍ നസീര്‍ പറഞ്ഞു. ഈ മാസം 14 മുതല്‍ ഇന്നുവരെ എല്ലാദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണിവരെയാണ് തൃശൂര്‍ നസീര്‍ കോഴിക്കോട് ബീച്ചില്‍ ഒപ്പുശേഖരണ ക്യാമ്പയിന്‍ നടത്തിയത്. ആദ്യദിനത്തില്‍ വ്യത്യസ്ത ഭാഷകളിലുള്ള പാട്ടുകള്‍ പാടിയും മിമിക്രി അവതരിപ്പിച്ചുമാണ് ആരംഭിച്ചത്. പ്രഥമദിനത്തില്‍ ഭക്ഷണംപോലും കഴിക്കാതെയാണ് നസീര്‍ ക്യാമ്പയിനില്‍ മുഴുകിയത്. 58000ലധികം പേരാണ് ഒപ്പുശേഖരണത്തില്‍ പങ്കാളിയായത്. ക്യാമ്പയിനിന്റെ ഭാഗമായി അടുത്തയാഴ്ച മലപ്പുറത്ത് പരിപാടി സംഘടിപ്പിക്കും. അവിടെനിന്നും ഒപ്പുശേഖരണം നടത്തി, തുടര്‍ന്ന് ബാംഗ്ലൂരിലെത്തും.
അവിടേയും ഒപ്പുശേഖരണം നടത്തും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടതായി തൃശൂര്‍ നസീര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകും. അവിടെ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് ശേഷം സുപ്രീംകോടതിക്ക് മുമ്പില്‍ കിടപ്പ് സമരം നടത്തും. ഭീമഹര്‍ജി രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യം കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ചാണ് ദി പബ്ലിക് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും ഗിന്നസ് ജേതാവുമായ തശൂര്‍ നസീര്‍ സമരം നടത്തുന്നത്. നിലമ്പൂര്‍ നഞ്ചംകോട് റെയില്‍വേ പാത, തെരുവ്‌നായ ശല്യം, മൈസൂര്‍ രാത്രിയാത്ര, മയക്കുമരുന്ന് വിപത്ത് എന്നീ വിഷയങ്ങളില്‍ ജനപക്ഷത്ത് നിന്ന് പോരാടിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് തൃശൂര്‍ നസീര്‍. 113 മണിക്കൂര്‍ പാട്ടുപാടിയും 40 മണിക്കൂര്‍ മിമിക്രി അവതരിപ്പിച്ചുമാണ് ഇദ്ദേഹം ഗിന്നസ് ബുക്കില്‍ ഇടംനേടിയത്.