ദോഹ: ഉന്നത പഠനരംഗത്തെ ഖത്തറിലെ പ്രധാന സ്ഥാപനമായ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥി ഉബൈദ് ഇസ്മാഈല്‍. 2015ല്‍ സ്ഥാപിതമായ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദാനന്തര-ഗവേഷണ ബിരുദ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ്. മാധ്യമ ഭാഷ അറബിയായതിനാല്‍ തന്നെ പ്രധാനമായും അറബ് രാജ്യങ്ങളില്‍ നിന്നും അറബി മാതൃഭാഷയായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസില്‍ നിന്നും ഭാഷാപഠനത്തില്‍ ഡിസ്റ്റിങ്ഷനോടെ പി.ജി പഠനം പൂര്‍ത്തിയാക്കിയ ഉബൈദ് കഴിഞ്ഞദിവസം നടന്ന ബിരുദ ദാന ചടങ്ങില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ജാസിം അല്‍താനിയില്‍ നിന്നും ബിരുദം സ്വീകരിച്ചു. മര്‍കസില്‍ നിന്നും 2012ല്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഉബൈദ് മര്‍കസിലെ തന്നെ സാനവിയ്യയില്‍ തുടര്‍പഠനം നടത്തി. ശേഷം ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുല്ലിയ്യത്തുല്‍ ആദാബില്‍ ബിരുദം നേടി. 2019ല്‍ ഷാര്‍ജയില്‍ നടന്ന അന്താരാഷ്ട്ര ഹദീസ് പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വയനാട് ജില്ലയിലെ വെണ്ണിയോട് ഇസ്മാഈല്‍ -റംല ദമ്പതികളുടെ മകനാണ്.