ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡല്‍ഹി പോലിസ്. അറസ്റ്റ് ചെയ്യാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ബ്രിജ്ഭൂഷണ്‍ ശ്രമിച്ചിട്ടില്ലെന്നും പോലിസ്.
15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് ചിലപ്പോള്‍ കുറ്റപത്രമോ അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ടോ ആയേക്കാം. എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുള്ള പോക്‌സോ വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തില്‍ താഴെ തടവുശിക്ഷയാണ് ഉള്ളത്. അതിനാല്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നത് പോലെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റുമായി മുന്നോട്ട് പോകാനാവില്ലെന്നും പോലിസ് പറയുന്നു.
അതേസമയം ബ്രിജ് ഭൂഷണെതിരേ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങള്‍. രാജ്യത്തിനായി ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായത്. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്രം വിഷയത്തില്‍ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
വിഷയത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നുണ്ട്. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തും.