ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി നാളെ യോഗം ചേരുമെന്ന് കര്‍ഷക സംഘടനകള്‍. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ചൊവ്വാഴ്ച ഗംഗയിലൊഴുക്കുമെന്ന് ഗുസ്തിതാരങ്ങള്‍ അറിയിക്കുകയും അതിവൈകാരികമായ സംഭവവികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിന്റെ പിന്നാലെയാണ് നീക്കം. കര്‍ഷക നേതാക്കളിടപ്പെട്ട് അനുനയിപ്പിച്ച താരങ്ങളോട് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം ചേരുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ സൗറം പട്ടണത്തിലാണ് സുപ്രധാന യോഗം.
രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ചരിത്രപ്രസിദ്ധമായ സൗറാം ചൗപാലില്‍ നടക്കുന്ന മഹാപഞ്ചായത്തില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം പ്രധാന വിഷയമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് നരേഷ് ടിക്കായത്ത് അറിയിച്ചു. ‘അവര്‍ കാരണം നമ്മള്‍ അന്താരാഷ്ട്ര കായികരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്നു. അവര്‍ക്ക് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വരില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും.’ നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലധികമായി ഡല്‍ഹി ജന്തര്‍മന്തറില്‍ ദേശീയ ഗുസ്തി താരങ്ങള്‍ സമരം ചെയ്ത് വരികയാണ്. മെയ് 28ന് ഗുസ്തി താരങ്ങളും സമരത്തിന് പിന്തുണയുമായെത്തിയവരും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതോടെ രാജ്യതലസ്ഥാനത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. താരങ്ങളെ പോലിസ് കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധമാണുയര്‍ന്നത്. പിന്നാലെയാണ് രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചത്. മെഡലുകള്‍ ഒഴുക്കാനായി ഇന്നലെ ഹരിദ്വാറിലെ നദീതീരത്തെത്തിയ താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയത് വന്‍ ജനാവലിയാണ്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഹരിദ്വാര്‍ സാക്ഷിയായത്.
പ്രതിഷേധ മാര്‍ച്ചിനിടെ ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തെ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു) കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ (ഡബ്ല്യു.എഫ്.ഐ) സസ്‌പെന്‍ഡ് ചെയ്യുമെന്നും യു.ഡബ്ല്യു.ഡബ്ല്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.