മുംബൈ: നമ്മള്‍ വളരെയധികം ഭയക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബോളിവുഡ് സിനിമാ താരം നസിറുദ്ദീന്‍ ഷാ. മുസ്‌ലിം സമുദായത്തിനെതിരായ വിരോധം ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. സമൂഹത്തില്‍ ഇത്തരം വിദ്വേഷം ചിലര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ ഫാഷനില്‍ നിന്ന് മുക്തമല്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”തികച്ചും ആശങ്കാജനകമായ സമയമാണ് ഇപ്പോള്‍. ഒരു മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗണ്ട നടത്തുകയാണ്. ഇത് ഈ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ പോലും മുസ്‌ലിം വിദ്വേഷം ഇന്നത്തെ കാലത്ത് ഫാഷനാണ്. ഭരിക്കുന്ന പാര്‍ട്ടി ഇത് സമര്‍ത്ഥമായി ആളുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ മതനിരപേക്ഷതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ്, പിന്നെ എന്തിനാണ് നിങ്ങള്‍ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?’ -നസിറുദ്ദീന്‍ ഷാ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ വെറും കാഴ്ചക്കാരാണ്. അവര്‍ നട്ടെല്ലില്ലാത്തവരാണ്. ഇത്തരക്കാര്‍ക്കെതിരേ ഒരു വാക്ക് പോലും പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമില്ല. ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് ഒരു മുസ്‌ലിം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കില്‍ ഇവിടെ എന്ത് സംഭവിച്ചേനെ എന്ന് പറഞ്ഞ ഷാ, പക്ഷേ ഇവിടെ നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറഞ്ഞു മുന്നോട്ടു വന്നു. ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്‍, പ്രധാനമന്ത്രി തോറ്റു, ഇത് ഒരു പ്രതീക്ഷയാണ്.
ഈ ഭിന്നിപ്പ് അവസാനിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഭിന്നിപ്പ് അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഈ സര്‍ക്കാര്‍ വളരെ സമര്‍ത്ഥമായി കളിച്ച ഒരു കാര്‍ഡാണിത്, അത് പ്രവര്‍ത്തിച്ചു. ഇത് എത്രത്തോളം പ്രവര്‍ത്തിക്കുമെന്ന് നോക്കാം ”അദ്ദേഹം പറഞ്ഞു.