ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങള്‍; രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും

ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങള്‍; രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും

ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കും

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങള്‍. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് നിലപാടെടുത്തിരിക്കുന്നത്, കൂടാതെ ഇന്ത്യ ഗേറ്റില്‍ സമരമിരിക്കും. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങള്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഒപ്പം നില്‍ക്കണോ പീഡിതര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ ഹര്‍ജി പോക്‌സോ കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്കും ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂലായ് ആറിന് ഹര്‍ജി കോടതി കേസ് വീണ്ടും പരിഗണിക്കും. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്‌റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.

ബ്രിജ് ഭൂഷണ്‍ അയോധ്യയില്‍ ശക്തി പ്രകടന റാലി നടത്താനിരിക്കുന്ന ജൂണ്‍ അഞ്ചിന് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധ സംഗമവും കോലം കത്തിക്കലും സംഘടിപ്പിക്കും. അന്ന് തന്നെ ദില്ലിയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍ പരിപാടികള്‍ തീരുമാനിക്കുമെന്നും എസ്.കെ.എം അറിയിച്ചു. സമരം അവസാനിച്ചിട്ടില്ലെന്നും രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കുമെന്നും സാക്ഷി മാലിക് ഇന്നലെ വ്യക്തമാക്കിയിരുന്നു. ജന്തര്‍ മന്തറില്‍ ഇനി പ്രതിഷേധം അനുവദിക്കില്ലെന്നും അപേക്ഷ നല്‍കിയാല്‍ മറ്റൊരിടം നല്‍കാമെന്നുമാണ് ഡല്‍ഹി പോലിസിന്റെ നിലപാട്.

Share

Leave a Reply

Your email address will not be published. Required fields are marked *