കോഴിക്കോട്: എം.ഇ.എസ് സിറ്റി കമ്മിറ്റിയും യൂത്ത് വിങ്ങും സംയുക്തമായി എരഞ്ഞിപ്പാലത്തെ കരുണ സ്പീച് & ഹിയറിങ്ങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് പുസ്തക വിതരണം നടത്തി. കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസിന് പുസ്തകം നല്‍കി.
സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എം.ഇ.എസ് എന്നും കൈത്താങ്ങായി നിന്നിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന നിശബ്ദമായി പ്രവര്‍ത്തിക്കുന്നത് സമൂഹത്തിനും ഏറ്റവും ഗുണകരമായ കാര്യമാണെന്നും കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. കരുണ സ്‌കൂളിലെ തിരഞ്ഞെടുത്ത ഒരു വിദ്യാര്‍ത്ഥിക്ക് എം.ഇ.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിഗ്രിക്ക് സീറ്റ് നല്‍കുന്നതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലിസിനെ ജില്ലാ പ്രസിഡന്റ് അറിയിച്ചു. സെന്റ് സേവിയേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: വര്‍ഗീസ് മാത്യു, കരുണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ്, നവാസ് കോയിശ്ശേരി, ബി.വി ആഷിര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ഇ.എസ് സിറ്റി പ്രസിഡന്റ് കോയട്ടിമാളിയേക്കല്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി മോറയാസ് സ്വാഗതം പറഞ്ഞു.