ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 2021-22ലെ എക്സൈസ് നയം നടപ്പാക്കിയതില്‍ അഴിമതി നടന്നുവെന്ന കേസിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. 18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികള്‍ കൂടുതലും പൊതുപ്രവര്‍ത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഏപ്രില്‍ 28ന് ഇ.ഡിയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇ.ഡി കേസിലെ സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 31ന് ഡല്‍ഹിയിലെ വിചാരണ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡല്‍ഹി എക്‌സൈസ് നയ കേസുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ മുന്‍ എക്‌സൈസ് മന്ത്രിയായ സിസോദിയ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് വഹിച്ചതായി പ്രത്യേക സി.ബി.ഐ ജഡ്ജി എം.കെ നാഗ്പാല്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു. ഈ വിധിക്കെതിരെ സിസോദിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
‘ആരോപണങ്ങളുടെ സ്വഭാവം വളരെ ഗൗരവമുള്ളതാണ്. പ്രതി പൊതുപ്രവര്‍ത്തകനായിരുന്നു. ഞങ്ങള്‍ എക്‌സൈസ് നയമോ സര്‍ക്കാരിന്റെ അധികാരമോ പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും, അപേക്ഷകന്‍ സ്വാധീനമുള്ള ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്,’കോടതി പറഞ്ഞു.
ഫെബ്രുവരി 26നാണ് മദ്യനയ കേസില്‍ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.