തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണം കാത്ത് തുടര്‍ രാഷ്ട്രീയനീക്കങ്ങള്‍ക്കായി ശശി തരൂര്‍. വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നല്‍കിയെങ്കിലും സി.ഡബ്‌ള്യൂ.സി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്.
എ.ഐ.സി.സി തെരഞ്ഞെടുപ്പില്‍ മത്സരിച്ചും സംസ്ഥാനത്തുടനീളം പരിപാടികളില്‍ പങ്കെടുത്തും നേതൃത്വത്തെ വെല്ലുവിളിച്ച് തരൂര്‍.
തരൂര്‍ കോണ്‍ഗ്രസ് വിടുമോ എന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. പക്ഷെ റായ്പ്പൂര്‍ പ്ലീനറി സമ്മേളനശേഷം തരൂര്‍ കാത്തിരിക്കുകയായിരുന്നു. പ്രവര്‍ത്തക സമിതിയില്‍ ഇടമാണ് പ്രതീക്ഷ. പക്ഷെ പ്‌ളീനറി കഴിഞ്ഞും തീരുമാനം നീളുന്നതില്‍ തരൂര്‍ അതൃപ്തനാണ്. ഇടക്ക് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡല യോഗങ്ങളില്‍ സജീവമായ തരൂര്‍ നല്‍കിയത് വീണ്ടും മത്സരിക്കുമെന്ന സൂചന. പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ചെങ്കോലിനെ തുണച്ച പ്രസ്താവന വീണ്ടും പാര്‍ട്ടി കേന്ദ്രങ്ങളെ വല്ലാതെ ചൊടിപ്പിച്ചു.
പാരമ്പര്യചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറയുന്നതിനപ്പുറം ബിജെപി പിന്തുണയായി നിലപാടിനെ കാണേണ്ടെന്നാണ് തരൂര്‍ ക്യാമ്പ് വിശദീകരണം. മണ്ഡലം യോഗങ്ങളില്‍ പങ്കെടുത്ത് പോയതിനപ്പുറം തലസ്ഥാനത്ത് എം.പി സജീവമാകുന്നില്ലെന്ന പരാതി ജില്ലയിലെ പാര്‍ട്ടിക്കാര്‍ ശക്തമാക്കുന്നു. അപ്പോഴും ബിജെപിയുടെ പ്രതീക്ഷാ പട്ടികയില്‍ ഒന്നാമതുള്ള മണ്ഡലത്തില്‍ ജയിക്കാന്‍ തരൂര്‍ വേണമെന്ന നിലപാടില്‍ തന്നെയാണ് ജില്ലയിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസ് നേതാക്കള്‍.