ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാര്‍ക്കെതിരേ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും കേരള വിജിലന്‍സ് മേധാവിയുമായ ഡോ. എന്‍സി അസ്താന. ആവശ്യം വരികയാണെങ്കില്‍ പോലിസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എന്‍സി അസ്താന ഐ.പി.എസ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേല്‍ക്കാന്‍ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു.
ധൈര്യമുണ്ടെങ്കില്‍ തന്നെ വെടിവെക്കൂ എന്ന് പോലിസിനെ വെല്ലുവിളിക്കുന്ന ബജ്റംഗ് പുനിയയുടെ ദൃശ്യങ്ങളടങ്ങിയ ഒരു വാര്‍ത്താ ശകലം പങ്കുവച്ചുകൊണ്ട് അസ്താന ഇങ്ങനെ കുറിച്ചു, ‘ആവശ്യമെങ്കില്‍ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങള്‍ പറഞ്ഞതുകൊണ്ടല്ല. ഞങ്ങള്‍ നിങ്ങളെ വലിച്ചിഴച്ച് എച്ചില്‍ പോലെ ഉപേക്ഷിച്ചു. 129ാം വകുപ്പ് പോലിസിനു വെടിയുതിര്‍ക്കാന്‍ അവകാശം നല്‍കുന്നതാണ്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അത് നടത്തും. പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ വച്ച് വീണ്ടും കാണാം.’
ഈ ട്വീറ്റ് പങ്കുവച്ച് പുനിയ കുറിച്ചത് ഇങ്ങനെ: ‘ഈ ഐ.പി.എസ് ഓഫീസര്‍ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. എവിടെ വരണമെന്ന് പറയൂ. ഞങ്ങള്‍ നെഞ്ചില്‍ തന്നെ വെടിയുണ്ടകളേറ്റുവാങ്ങുമെന്ന് ഞാന്‍ വാക്കുതരുന്നു. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങള്‍ ഏറ്റു അതും വന്നോട്ടെ’