അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍; സംഘര്‍ഷത്തിന് ശമനമില്ലാതെ മണിപ്പൂര്‍

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍; സംഘര്‍ഷത്തിന് ശമനമില്ലാതെ മണിപ്പൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. 24 മണിക്കൂറിനിടെ രണ്ട് പോലിസുകാരുള്‍പ്പെടെ 10 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സൈനിക നടപടി വിഘടനവാദത്തിനെതിരായിട്ടല്ലെന്നും, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. സൈന്യം സംസ്ഥാന സര്‍ക്കാറിനെ സഹായിക്കുകയാണ്, സ്ഥിതി ശാന്തമാകാന്‍ സമയമെടുക്കുമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.
ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചര്‍ച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ വഖാന്‍പായ് മേഖലയിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഇംഫാലിലും കാക്ചിംഗ് ജില്ലയിലുമുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പോലിസുകാരുള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയടക്കം ആക്രമണമുണ്ടായി.

മണിപ്പൂരില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കി. രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്ത്വത്തിലുള്ള സംഘം രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുര്‍മുവിന് നിവേദനം കൈമാറിയത്. 12 നിര്‍ദേശങ്ങളടങ്ങിയ നിവേദനത്തില്‍ മണിപ്പൂര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരാജയമാണെന്ന് ആരോപിക്കുന്നു. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയമാണ് കലാപത്തിന് കാരണമെന്ന് ജയറാം രമേശും ആരോപിച്ചു. മെയ്തി – കുകി വിഭാഗക്കാര്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 85 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ന് അക്രമബാധിത മേഖലകളിലെത്തി വിവിധ ജനവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്ന അമിത് ഷാ വൈകീട്ട് സര്‍വകക്ഷി യോഗം വിളിച്ചേക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *