ചാലക്കര പുരുഷു
മാഹി: വേനലില്‍ നഗരങ്ങളും ഗ്രാമങ്ങളും ഒരുപേലെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍ കൈത്താങ്ങ് പെരിങ്ങാടി നാടിന് ജലസാന്നിദ്ധ്യമായി മാറുകയാണ്. കഴിഞ്ഞ എട്ട്ര്‍ഷക്കാലമായി ‘കൈത്താങ്ങ് പ്രവര്‍ത്തകര്‍’ വര്‍ള്‍ച്ചയില്‍ കുടിവെള്ളമെത്തിക്കാറുണ്ട്. ചൊക്ലി, ന്യൂമാഹി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമംകൊണ്ട് ബുദ്ധിമുട്ടുന്ന മങ്ങാട്, പള്ളിപ്രം , വേലായുധന്‍മൊട്ട, പെരിങ്ങാടി, മമ്മിമുക്ക്, ഒളവിലം, കവിയൂര്‍, മിന്നത്ത് പീടിക, നെടുങ്കുടി മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നുറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ഇത്തവണ കൈത്താങ്ങിന്റെ ലോറി വെള്ളം കൈത്താങ്ങായത്. കുഴല്‍ക്കിണറുകളില്‍ നിന്നുളള വെള്ളമായതിനാല്‍ ജനങ്ങള്‍ക്ക് വിശ്വസിച്ച് കുടിക്കാനാവും. നിത്യേന 20000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കുടിവെള്ള വിതരണം തുടരും.
എട്ട് വര്‍ഷം മുമ്പ് മങ്ങാട -വേലായുധന്‍ മൊട്ടയിലാണ് ആദ്യമായി കുഴല്‍ക്കിണറും ജലസംഭരണിയും സ്ഥാപിച്ച് പരിസരവാസികള്‍ക്ക് കുടിവെള്ളമെത്തിച്ചത്. ഇത് വിജയകരമായിത്തീര്‍ന്നതിനെ തുടര്‍ന്നാണ് മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. പുളിയുള്ള പീടികക്ക് സമീപം കുന്നുമ്മലില്‍ കുഴല്‍ക്കിണറും ജലസംഭരണിയുമുണ്ടാക്കി ആര്‍.റഷീദിന്റെ നേതൃത്വത്തില്‍ അദാരി ബഷീര്‍, ഷമിം അഹമ്മദ്, ലോറി ഡ്രൈവര്‍ പുളിഞ്ഞോളില്‍ സുരേഷ് എന്നിവരുള്‍പ്പെട്ട യുവ നിരയാണ് കുടിവെള്ളമെത്തിക്കുന്നത്. ജീവകാരുണ്യമേഖലകളിലും ‘കൈത്താങ്ങ്’ നാടിന് മാതൃകയാണ്. പെരിങ്ങാടിയിലെ പ്രധാന റോഡുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ന്യൂമാഹി വേലായുധന്‍ മൊട്ടയില്‍ ആരോഗ്യ ഉപകേന്ദ്രത്തിന് വേണ്ടി ആറ് സെന്റ് സ്ഥലം വാങ്ങി ന്യൂമാഹി ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. അമ്പത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ നല്‍കി വരുന്നുണ്ട്. പഠനത്തില്‍ മികവ് കാട്ടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്. നിര്‍ധന കുടുംബങ്ങളിലെ വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ഒറ്റത്തവണയായും പ്രതിമാസമായും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ധനസഹായവും നല്‍കി വരുന്നു. വീട് നിര്‍മാണത്തിനും, പുനര്‍ നിര്‍മാണത്തിനും ധനസഹായം, കുഴല്‍ കിണറുകള്‍ കുഴിക്കാന്‍ ധനസഹായം തുടങ്ങി എല്ലാ അര്‍ഥത്തിലും ഒരു നാടിന്റെ കൈത്താങ്ങാവുകയാണ് ഈ ജീവകാരുണ്യ പ്രസ്ഥാനം.