നിയമവിരുദ്ധമായ കട പരിശോധന അവസാനിപ്പിക്കണം: രാജു അപ്‌സര

നിയമവിരുദ്ധമായ കട പരിശോധന അവസാനിപ്പിക്കണം: രാജു അപ്‌സര

കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന നിയമവിരുദ്ധമായ പരിശോധനകള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ജി.എസ്.ടി നിയമം നിലവില്‍ വന്ന സമയത്ത് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നപോലെ യാതൊരു മുന്നറിയിപ്പും ഇല്ലാതെയുള്ള കട പരിശോധനകള്‍ ഉണ്ടാകുകയില്ലെന്ന് അന്നത്തെ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കട പരിശോധന.

1000 കോടി രൂപയിലധികം തുകയ്ക്കുള്ള നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത് തങ്ങളുടെ നിയമവിരുദ്ധമായ പരിശോധനകളെ സാധൂകരിക്കുവാന്‍ വേണ്ടിയാണ്. ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, അവിടെ നിന്നും ലഭ്യമാകുന്ന രേഖകള്‍ പരിശോധിച്ച് യഥാര്‍ഥമായ നികുതിബാധ്യത കണ്ടെത്തുന്നതിന് മാസങ്ങള്‍ വേണ്ടി വരും. പെട്ടെന്ന് നടത്തപ്പെടുന്ന പരിശോധനാ വേളയില്‍, സ്ഥാപന ഉടമകളെ ഭീഷണിപ്പെടുത്തി കുറേ നികുതി അടപ്പിക്കുന്ന രീതി നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം നടപടിയാണ്. കേന്ദ്ര സര്‍ക്കാര്‍ 8000 കോടി രൂപയുടെ കുറവ് വരുത്തിയതിന്റെ അന്ധാളിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന അന്യായമായ ഇത്തരം നടപടികള്‍ക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *