തൃശൂര്‍: കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം ദര്‍ശനം ഗ്രന്ഥശാലയുടെ ഓണ്‍ലൈന്‍ വായന മുറി ഏറ്റുവാങ്ങി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പുരസ്‌കാര സമര്‍പ്പണം നടത്തി. അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍കടവ് എന്ന നോവലിനും ലതാലക്ഷ്മിയുടെ ചെമ്പരത്തി എന്ന കഥാ സമാഹാരത്തിനും നൂതനാശയ പ്രവര്‍ത്തനങ്ങള്‍ക്ക് ദര്‍ശനം ഗ്രന്ഥശാലയുടെ ഓണ്‍ലൈന്‍ വായന മുറിക്കും 15001 രൂപയും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും ഉള്‍പ്പടെ മന്ത്രി ആര്‍.ബിന്ദു കൈമാറി. നിരൂപകന്‍ ഡോ. കെ.വി സജയ് ചെയര്‍മാനും കോഴിക്കോട് സാംസ്‌കാരിക വേദി ചെയര്‍മാന്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം, നിരൂപക ഡോ.കെ. മഞ്ജു എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. കേരള എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ സതീശന്‍ കൊല്ലറയ്ക്കലിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ പ്രസ് ക്ലബ്ഹാളില്‍ വച്ച് നടന്ന പുരസ്‌കാര വിതരണത്തില്‍ പ്രമുഖ സിനിമാനിരൂപകന്‍ ഐ.ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട പുസ്തകശാല പ്രസാധകന്‍ എ.ഗോകുലേന്ദ്രന്‍ , കഥാകൃത്ത് മനോജ് വീട്ടിക്കാട്, കേരള എജ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ആര്‍ രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാക്കളായ അശോകന്‍ ചരുവില്‍, ലതാലക്ഷ്മി, ദര്‍ശനം ഓണ്‍ലൈന്‍ വായനമുറി അഡ്മിന്‍ ടി.കെ സുനില്‍കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.