ഡല്‍ഹി: ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്. ജന്തര്‍ മന്തറിലേക്കുള്ള വഴി പൊലീസ് പൂര്‍ണമായും അടച്ചു. ഗുസ്തി താരങ്ങള്‍ കേരള ഹൗസില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചെങ്കിലും ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബജ്‌റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാര്‍ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡില്‍ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊലീസിന്റെ ശ്രമം താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ഒടുവില്‍ പൊലീസുകാര്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.