തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബജ്‌റംഗ് പൂനിയ. പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സെല്‍ഫി വ്യാജമെന്ന് വ്യക്തമാക്കിയാണ് ഇക്കാര്യം അറിയിച്ചത്. മോര്‍ഫ് ചെയ്ത ചിത്രവും യഥാര്‍ത്ഥ ചിത്രവും
പുറത്തുവിട്ടുകൊണ്ടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജന്തര്‍ മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റിലായ ഗുസ്തി താരങ്ങള്‍ ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
ഐടി സെല്‍ ആള്‍ക്കാര്‍ വ്യാജചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ ആരായാലും നിയമപരമായി പരാതി നല്‍കുകയാണെന്ന് ഇവിടെ വ്യക്തമാക്കുകയാണെന്ന് അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇന്നലെ, പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടന്ന മാര്‍ച്ചില്‍ ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരെ വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ലൈംഗികാതിക്രമ പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഏപ്രില്‍ 23ന് ജന്തര്‍ മന്തറില്‍ ആരംഭിച്ച സമരമാണ് പൊലീസിന്റെ അപ്രതീക്ഷിത ബലപ്രയോഗത്തില്‍ കലാശിച്ചത്. സമരത്തിനു പിന്തുണയുമായെത്തിയ നൂറുകണക്കിനാളുകളെയും കസ്റ്റഡിലിയെടുത്തു. ഭീകരവാദികളെ പോലെയാണു പൊലീസ് കൈകാര്യം ചെയ്തതെന്നും വെടിവച്ചുകൊന്നാലും സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.