പാലക്കാട്: കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കൈയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാം ജന്മവാര്‍ഷികം ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റിന്റേയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റേയും സഹകരണത്തോടെ കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ഹാളില്‍ കലാസാഗറിന്റെ നേതൃത്വത്തില്‍ നടത്തി. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ഥം വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക് 2023ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ തദവസരത്തില്‍ നല്‍കി. കലാസ്വാദകരില്‍ നിന്നുള്ള നാമനിര്‍ദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കലാസാഗര്‍ സെക്രട്ടറി രാജന്‍ പൊതുവാള്‍ പറഞ്ഞു.
അനുസ്മരണ യോഗത്തില്‍ ഡോ. ടി.എസ് മാധവന്‍കുട്ടി (പ്രസിഡന്റ്, വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ്) അധ്യക്ഷത വഹിച്ചു. ഡോ. എം.വി നാരായണന്‍ (വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മശതാബ്ധി ലോഗോ പ്രകാശനം ചെയ്തു. ടി.കെ അച്യുതന്‍ (വൈസ് പ്രസിഡന്റ്, കലാസാഗര്‍) ജന്മവാര്‍ഷിക ലോഗോ സ്വീകരിച്ചു. വി.കലാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. വി.രാമന്‍കുട്ടി സ്മൃതിഭാഷണം നടത്തി. കെ.ബി രാജ് ആനന്ദ് (ചെയര്‍മാന്‍, വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ്) കലാസാഗര്‍ പുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണം നടന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
ശേഷം കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭീഷ്മപ്രതിജ്ഞ ആട്ടക്കഥയില്‍ കഥകളിയിലെ ദേവഭാവം കോട്ടക്കല്‍ ദേവദാസ് ശന്തനു മഹാരാജാവായും, വെള്ളിനേഴി ഹരിദാസന്‍ സത്യവതിയായും കളിയരങ്ങിലെ നിറ സാന്നിധ്യം പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും യുവ കലാകാരന്മാരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കലാമണ്ഡലം നീരജ് ദാശരാജാവായും അവതരിപ്പിച്ചു. ഭാവഗായകര്‍ അത്തിപ്പറ്റ രവിയും നെടുമ്പുള്ളി രാംമോഹനനും സംഗീതം കൊണ്ടും കോട്ടക്കല്‍ വിജയരാഘവനും കലാമണ്ഡലം സുധീഷ് പാലൂരും ശ്രവ്യസുന്ദരമായ മേളമൊരുക്കി. കലാമണ്ഡലം ശ്രീജിത്ത് ചുട്ടിയും, അണിയറയില്‍ ബാലന്‍, രാമകൃഷ്ണന്‍, കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കഥകളിക്കു ചമയമൊരുക്കിയത് വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ആണ്.
പുരസ്‌കാര ജേതാക്കള്‍: കഥകളി: വേഷം -കലാമണ്ഡലം കൃഷ്ണകുമാര്‍, സംഗീതം – കലാമണ്ഡലം ജയപ്രകാശ്, ചെണ്ട-കലാമണ്ഡലം രാജന്‍ (ഗുരുവായൂര്‍), മദ്ദളം- കലാമണ്ഡലം വേണു, ചുട്ടി – കലാനിലയം വിഷ്ണു. ഓട്ടന്‍തുള്ളല്‍: കലാമണ്ഡലം രാധാമണി. ചാക്യാര്‍കൂത്ത് (മിഴാവ്): കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍. കൂടിയാട്ടം: കലാമണ്ഡലം കൃഷ്‌ണേന്ദു. മോഹിനിയാട്ടം: മിനി ബാനര്‍ജി. ഭരതനാട്യം: ഷഫീക്കുധീന്‍, ഷബാന. കുച്ചിപ്പുടി: അനില്‍ വെട്ടിക്കാട്ടിരി, പ്രേമലത. തായമ്പക: ഗുരുവായൂര്‍ ശശി. പഞ്ചവാദ്യം: തിമില – കൊടുന്തിരപ്പിള്ളി മനോജ്, മദ്ദളം- ഏലൂര്‍ അരുണ്‍ദേവ് വാരിയര്‍, ഇടയ്ക്ക- പെരിങ്ങോട് സുബ്രഹ്‌മണ്യന്‍, ഇലത്താളം -വട്ടേക്കാട് കനകന്‍, കൊമ്പ് – മച്ചാട് വേണുഗോപാലന്‍.