ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായ അമ്പട്ടി റായിഡു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ മത്സരം തന്റെ അവസാന മത്സരമായിരിക്കുമെന്ന് റായിഡു പ്രഖ്യാപിച്ചു. നേരത്തെ 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും റായിഡു വിരമിച്ചിരുന്നു.
2019ലെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായിഡു രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചത്. എങ്കിലും ഐ.പി.എല്ലില്‍ കളി തുടര്‍ന്നു. ഇത്തവണ തീര്‍ത്തും മോഷമായ പ്രകടനമാണ് റായിഡുവില്‍ നിന്നുണ്ടായത്. 15 മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് മാത്രമാണ് താരം നേടിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും താരമായിരുന്നു റായിഡു.
204 ഐ.പി.എല്‍ മത്സരങ്ങളാണ് അദ്ദഹം കളിച്ചിട്ടുള്ളത്. 14 സീസണുകളിലായി 11 പ്ലേ ഓഫുകളും എട്ട് ഫൈനലും കളിച്ചിട്ടുണ്ട്. മുംബൈക്കും ചെന്നൈക്കുമൊപ്പം അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും നേടി. രാജ്യാന്തര മത്സരത്തില്‍ 55 ഏകദിനങ്ങളില്‍ കളിച്ചു. മൂന്ന് സെഞ്ച്വറികളും പത്ത് അര്‍ധ സെഞ്ച്വറികളുമടക്കം 1649 റണ്‍സ് നേടി.