തമിഴ്നാട്: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നു. ജനവാസമേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്നല്‍. കാടിറങ്ങിയാല്‍ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുറച്ചാണ് തമിഴ്നാട് വനംവകുപ്പ്.
ജനവാസ മേഖലയില്‍ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിന്‍ ഭാഗത്തെ വനമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്.
ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്‌വരയില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്നതിനുള്ള അഞ്ചംഗസംഘവും മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.