ചാലക്കര പുരുഷു
തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തലശ്ശേരി- മാഹി ബൈപാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് ഉറപ്പ് പറയാന്‍ അധികൃതര്‍ക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തിയ്യതികള്‍ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതര്‍ക്ക് എന്ന് തുറന്ന് കൊടുക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവുന്നില്ല. ബൈപാസ് പൂര്‍ത്തീകരണം അപ്രതീക്ഷിത കടമ്പകളില്‍ ഉടക്കി അനിശ്ചിതമായി നീളുകയാണ്. നിട്ടൂര്‍ ബാലത്തിലും മാഹി അഴിയൂരിലും നിര്‍മ്മാണത്തിലുള്ള രണ്ട് പാലങ്ങളുടെ പ്രവൃത്തികള്‍ വൈകുന്നതാണ് നിലവിലെ പ്രശ്‌നമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ ധര്‍മ്മടം പുഴക്ക് കുറുകെ കിഴക്കേപാലയാട് മുതല്‍ നിട്ടൂര്‍ പാലം വരെ പണിയുന്ന ബൈപാസിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ ശനിദശ 2020 ആഗസ്റ്റ് 26ന് ബീമുകള്‍ പുഴയില്‍ തകര്‍ന്നു വീണതോടെ തുടങ്ങിയതാണ്.
പുതുക്കി പണിതുവെങ്കിലും വൈകി വന്ന തീരുമാനത്തെ തുടര്‍ന്ന് 67 മീറ്റര്‍ കൂടി പാലം പുതുതായി നീട്ടി പണിയുന്നുണ്ട്, ഇത് ഏതാണ്ട് അവസാനഘട്ടത്തിലാണുള്ളത്. മാഹി അഴിയൂരിലെ റെയില്‍പാലമാണ് ബൈപാസ് വഴിയില്‍ മറ്റൊരു ചോദ്യചിഹ്നമായി കിടക്കുന്നത്. മാഹി റെയില്‍വേ സ്റ്റേഷന് സമീപം പാലത്തിന് മുകള്‍ ഭാഗത്ത് സ്ഥാപിക്കേണ്ട മേല്‍പ്പാല ഗര്‍ഡറുകള്‍ യഥാസമയം എത്താത്തതാണ് ഇവിടത്തെ പ്രയാസം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം റെയില്‍വേക്കാണ് ചെന്നൈയ്ക്കടുത്ത് കാട്പാടിയിലെ റെയില്‍വേ ഗാരേജില്‍ ഗര്‍ഡറുകള്‍ ഒരുങ്ങുന്നുണ്ട്. ഇത് മാഹിയിലെത്തിച്ച് ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചു വേണം സ്പാനുകളില്‍ കയറ്റിവയ്‌ക്കേണ്ടത്. ഇതിന് ശേഷം കോണ്‍ക്രീറ്റിങ്ങും താറിങ്ങും കഴിഞ്ഞാലേ അഴിയൂരിലേക്ക് ബൈപാസ് ബന്ധിക്കപ്പെടുകയുളളൂ. സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ ശരിയാക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ടെങ്കിലും, വാക്കുപാലിക്കുന്നില്ല.
2017-ല്‍ തുടങ്ങിയ ബൈപാസ് 30 മാസംകൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. പ്രളയവും കോവിഡും കാരണം നിര്‍മാണം നീണ്ടു. ഇതില്‍ പിന്നീട് പലതവണ സമയം നീട്ടി നല്‍കി. തടസങ്ങളെല്ലാം നീക്കിപാത പൂര്‍ത്തിയാക്കാന്‍ ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനം നടത്തിയെങ്കിലും, റെയില്‍വേയുടെ മെല്ലെപ്പോക്ക് കാരണം പാലം പണി സമയബന്ധിതമായി തീര്‍ക്കാനാവുന്നില്ല. അഞ്ചരക്കണ്ടിപ്പുഴയ്ക്കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റര്‍ നീളമുള്ള പാലം,എരഞ്ഞോളിപ്പുഴയ്ക്ക് കുറുകെയുള്ള പാലം,കവിയൂര്‍മുതല്‍ മാഹിവരെയുള്ള 870 മീറ്റര്‍ പാലം എന്നിവ നിര്‍മിച്ചു.
ദേശീയപാതയില്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ വരെയാണ് ബൈപാസ് പണിയുന്നത് പൂര്‍ത്തിയായി വരുന്ന സര്‍വീസ് റോഡുകളാണ് ബൈപാസിന്റെ ‘മറ്റൊരു സവിശേഷത. നിര്‍മാണം പൂര്‍ത്തിയായാല്‍ മാഹിയിലേയും തലശ്ശേരിയിലേയും പതിവ് ഗതാഗത കുരുക്കില്‍ പെടാതെ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട് നിന്നും അതിവേഗം മാഹി കടന്ന് അഴിയൂരിലെത്താനാവും. ഇതിന് മഴക്കാലം കഴിയുന്നത് വരെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് തലശ്ശേരി -മാഹി ബൈപാസ് എന്ന വലിയ സ്വപ്‌നത്തിന്. കേരള – പുതുച്ചേരി സര്‍ക്കാറുകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറും കൈകോര്‍ത്താണ് ഏറെ കടമ്പകള്‍ക്കൊടുവില്‍ റോഡ് നിര്‍മാണമാരംഭിച്ചത്. പല കാരണങ്ങള്‍ പറഞ്ഞ് അനന്തമായി നിര്‍മാണ പൂര്‍ത്തീകരണം നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. വീണ്ടും ഒരു ജനകീയ പ്രക്ഷോഭത്തിലേക്ക് നാട്ടുകാരെ തള്ളിവിടരുത്.
ടി.എം.സുധാകരന്‍
ജനശബ്ദം , മാഹി