സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ചതിച്ച് കൊലപ്പെടുത്തി

സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ചതിച്ച് കൊലപ്പെടുത്തി

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കില്‍ മര്‍ദ്ദിക്കാന്‍ കൈയ്യില്‍ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങള്‍ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

മുന്‍പ് ഗള്‍ഫിലായിരുന്ന സിദ്ധിഖും ഫര്‍ഹാനയുടെ പിതാവും ഏറെക്കാലം മുന്നേ സുഹൃത്തുക്കളാണ്. ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ പരിചയപ്പെട്ടത് ഈ ബന്ധത്തിന്റെ പുറത്താണ്. പിന്നീട് ഇവര്‍ തമ്മിലുണ്ടായ സൗഹൃദമാണ് സിദ്ധിഖിനെ ഹണി ട്രാപ്പ് കുരുക്കില്‍ വീഴ്ത്തിയതും ജീവനെടുത്തതും.

ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടര്‍ന്ന് 22 ന് മകന്‍ പോലീസില്‍ പരാതി നല്‍കി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന കാര്യം കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയും ചെയ്തു.

ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്. ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫര്‍ഹാനയെയും ചെന്നൈ റെയില്‍വേ പോലീസിന്റെ പിടിയിലായത് . തുടര്‍ന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയില്‍ ഉപേക്ഷിച്ചു എന്ന കാര്യം പോലീസിനെ സ്ഥിരീകരിക്കാന്‍ ആയത്, തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *