കോഴിക്കോട്: രാഷ്ട്രീയ ജനതാദള്‍ ലീഡേഴ്‌സ് മീറ്റ് മലബാര്‍ പാലസില്‍ വച്ച് നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനുചാക്കോയും സംസ്ഥാന പ്രസിഡന്റ് ജോണ്‍ജോണും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബീഹാര്‍ ഉപമുഖ്യമന്ത്രിതേജസ്വി യാദവ് മീറ്റ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറിമാരായ സന്തോഷ് ജയ്‌സ്‌വാള്‍, സഞ്ജയ് യാദവ് എന്നിവര്‍ മീറ്റില്‍ പങ്കെടുക്കും. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിയുടെ പ്രസക്തി നല്ലതാണെന്നും സി.പി.എം അടക്കമുള്ള മൂന്നാം മുന്നണി സംഘപരിവാറിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാത്ത മൂന്നാം മുന്നണിക്ക് പിറകെ പോകാതെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിയുടെ ഭാഗമാകാന്‍ സി.പി.എം തയാറാകണമെന്നവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ജനതാ പരിവാര്‍ സംഘടനകളെ ഒരുമിപ്പിക്കാനും നേതൃത്വം നല്‍കാനും ആര്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി നടപടികള്‍ സ്വീകരിച്ചുവരികയാണ്. ലോക്താന്ത്രിക് ജനതാദളിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ശരത് യാദവ് 2022 മാര്‍ച്ചില്‍ ആര്‍.ജെ.ഡിയില്‍ ചേരുകയും ലോക്താന്ത്രിക് ജനതാദളിനെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ആര്‍.ജെ.ഡി ലയിപ്പിക്കുകയും ചെയ്തതിന് ശേഷവും കേരളത്തില്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന പേരില്‍ എം.വി ശ്രായാംസ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വരുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് ജോണ്‍ജോണ്‍ ചൂണ്ടിക്കാട്ടി.
നിലവിലില്ലാത്ത ഒരു പാര്‍ട്ടിയുടെ പേര് പറഞ്ഞ് പ്രവര്‍ത്തിക്കുന്നത് സമൂഹത്തെ വഞ്ചിക്കുന്ന നടപടിയാണ്. ശരത് യാദവും ലോക്താന്ത്രിക് ജനതാദളും ആര്‍.ജെ.ഡിയില്‍ ലയിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് ആരും ഇലക്ഷന്‍ കമ്മീഷനില്‍ പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) എന്ന പാര്‍ട്ടി നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളത്തില്‍ മനു വാസുദേവനും പങ്കെടുത്തു.