നോളജ് സിറ്റി: തങ്ങളുടെ ഖാസി ആയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ കാണാനെത്തി കര്‍ണാടക കൊടക് ജില്ലയിലെ 56 മഹല്ലുകളുടെ ഭാരവാഹികള്‍. കൊടക് ജില്ലാ സംയുക്ത ഖാസി ആയ കാന്തപുരം ഇടക്കിടെ കൊടകിലെത്തി മഹല്ലുകാരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം നിലനിര്‍ത്താനാണ് സുന്നി സംഘടനകളുടെ നേതാക്കളും മഹല്ല് ഭാരവാഹികളും ചേര്‍ന്ന് ജാമിഉല്‍ ഫുതൂഹിലെത്തി കൂടിക്കാഴ്ച നടത്തിയത്. മഹല്ല്- സംഘടനാ ശാക്തീകരണം, ആദര്‍ശ പ്രചാരണം, വിദ്യാഭ്യാസം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. എല്ലാ മഹല്ലുകളിലും മഹ്ലറത്തുല്‍ ബദ്രിയ്യ ആരംഭിക്കാന്‍ കാന്തപുരം നിര്‍ദേശവും ഇജാസത്തും നല്‍കി.അതോടൊപ്പം, ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്കായി പ്രാര്‍ത്ഥനയും നടന്നു. കാന്തപുരം ഖാസി ആയ വിവിധ മഹല്ലുകളില്‍ നിന്നുള്ളവരുടെ സംഗമം വരും ദിവസങ്ങളിലും ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. സംഗമത്തില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മഹല്ല് പ്രതിനിധികളുമായി ആശയങ്ങള്‍ പങ്കുവെച്ചു. നാഇബ് ഖാസി കെ.എസ് ഷാദുലി ഫൈസി, എസ്.വൈ.എസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹഫീസ് സഅദി, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, അഷ്‌റഫ് അഹ്‌സനി, സി.പി അബ്ദുല്‍ മജീദ് മദനി, ഇല്യാസ് തങ്ങള്‍ എരുമാട്, അഡ്വ. കുഞ്ഞബ്ദുള്ള എന്നിവരും സംസാരിച്ചു.