രണ്ടാം ക്വാളിഫയറില്‍ മുംബൈയെ മറികടന്ന് ഫൈനലിലേക്ക് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി (129)
അഹമ്മദാബാദ്: വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ വിട്ടുകളഞ്ഞതോര്‍ത്ത് ടിം ഡേവിഡ് പശ്ചാത്തപിക്കുന്നുണ്ടാകും. കാരണം ആ ഒരു ക്യാച്ചാണ് രണ്ടാം ക്വാളിഫയര്‍ മത്സരത്തിന്റെ വിധി തന്നെ നിര്‍ണയിച്ചത്. പിന്നീടൊരിക്കലും അത്തരമൊരു അവസരം ഗില്ല് നല്‍കുകയോ മുംബൈ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. തുടര്‍ന്നങ്ങോട്ട് താണ്ഡവമായിരുന്നു. സംഹാരഭാവം പൂണ്ട് ഗില്ല് ആടി തിമിര്‍ത്തപ്പോള്‍ മുംബൈ ബൗളര്‍മാര്‍ നിഷ്പ്രഭരാകുന്നതാണ് കാണാന്‍ കഴിഞ്ഞത്. 10 പടുകൂറ്റന്‍ സിക്‌സുകള്‍, ഏഴ് മനോഹര ഫോറുകള്‍. സാങ്കേതിക തികവാര്‍ന്ന ബാറ്റിങ് വിരുന്നാണ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ 75000ല്‍ പരം കാണികള്‍ക്കായി ഗില്ല് ഒരുക്കിയത്. ഒരു പിഴവും വരുത്താതെ കൃത്യമായ പദ്ധതികളുമായി ഗില്ല് കളം നിറഞ്ഞാടിയപ്പോള്‍ റോക്കറ്റ് വേഗത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്‌കോര്‍ ഉയര്‍ന്നത്.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഗുജറാത്തിനെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നവെന്ന് മനസ്സിലാക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യവിക്കറ്റില്‍ 54 റണ്‍സാണ് ഗില്ലും സാഹയും കൂട്ടിച്ചേര്‍ത്തത്. പീയുഷ് ചൗളയെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ 18 റണ്‍സെടുത്ത സാഹയെ ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുന്നു. ഇവിടെ കഴിഞ്ഞു മുംബൈയുടെ ആഘോഷം. തുടര്‍ന്നുവന്ന സായ് സുദര്‍ശന്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ മുംബൈ ബൗളര്‍മാര്‍ക്ക് കളിക്കളത്തില്‍ ഒരു സാധ്യതയും തുറന്നു കിട്ടിയില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആകാശ് മധ്‌വാളിനെ ഗില്‍ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു. ഗ്രൂപ്പ്ഘട്ടത്തിലെ ഗുജറാത്തുമായുള്ള രണ്ടാം മത്സരത്തില്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കിയത് മധ്‌വാളായിരുന്നു. ഈ മത്സരത്തിലും ഗില്ലിന്റെ വിക്കറ്റ് മധ്‌വാളിന് തന്നെയാണ്. എന്നാല്‍ ഇത്തവണ 60 പന്തില്‍ 129 റണ്‍സുമായാണ് ഗില്ല് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനുമായി 138 റണ്‍സാണ് ഗില്ല് കൂട്ടിച്ചേര്‍ത്തത്. 32 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഗില്ലിന് അടുത്ത 50 റണ്‍സ് നേടാന്‍ വെറും 17 പന്തുകള്‍ മാത്രമേ വെണ്ടി വന്നുള്ളൂ. ക്രിസ് ജോര്‍ദാന്‍ നാലോവറില്‍ 56ഉം ആകാശ് മധ്‌വാള്‍ നാലോവറില്‍ 52ഉം പീയുഷ് ചൗള മൂന്നോവറില്‍ 45ഉം കാമറൂണ്‍ ഗ്രീന്‍ മൂന്നോവറില്‍ 35 റണ്‍സും വഴങ്ങി. നാലോവറില്‍ 28 റണ്‍സ് വിട്ടുക്കൊടുത്ത ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫും രണ്ടോവറില്‍ 15 രണ്‍സ് വഴങ്ങിയ കുമാര്‍ കാര്‍ത്തികേയയും മാത്രമാണ് മുംബൈ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഗില്ലും 19ാം ഓവറിലെ അവസാന പന്തില്‍ 43 റണ്‍സുമായി സായ് സുദര്‍ശനും മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ (13 പന്തില്‍ 28*) തകര്‍ത്തടിച്ചു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് ഗുജറാത്ത് നേടിയത്.
വലിയ സ്‌കോര്‍ പിന്തുടരുന്നതിന്റെ സമ്മര്‍ദം മുംബൈ ക്യാമ്പിലുണ്ടായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന് അപ്രതീക്ഷിതമായുണ്ടായ പരുക്ക് മുംബൈക്ക് വന്‍ തിരിച്ചടിയായി. ക്രിസ് ജോര്‍ദാന്റെ കൈമുട്ട് തട്ടി കണ്ണിന് പരുക്കേറ്റ കിഷന്‍ മൈതാനം വിടുകായിരുന്നു. കിഷനു പകരം പിന്നീടെത്തിയത് മലയാളി താരമായ വിഷ്ണു വിനോദായിരുന്നു. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കിഷന് പകരം എത്തിയത് വധേരയായിരുന്നു. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സലെടുത്ത വധേരയെ മടക്കി ഷമി ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഷമിയുടെ രണ്ടാം ഓവറില്‍ എട്ട് റണ്‍സുമായി രോഹിത് ശര്‍മയും മടങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ തിലക് വര്‍മ മികച്ച ഫോമിലായിരുന്നു. 14 പന്തില്‍ മൂന്ന് സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ തിലക് പവര്‍ പ്ലേ ഓവറില്‍ മുംബൈക്ക് നല്ല തുടക്കം നല്‍കി. ആറാം ഓവറിലെ അവസാന പന്തില്‍ ഗുജറാത്തിന്റെ സൂപ്പര്‍മാന്‍ റാഷിദ് ഖാന്‍ തിലക് വര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും മുംബൈക്ക് വലിയ പ്രതീക്ഷ നല്‍കി. ഇരുവരും നാലാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 30 റണ്‍സെടുത്ത ഗ്രീനിനെ ജോഷ്വ ലിറ്റില്‍ ക്ലീന്‍ ബൗള്‍ഡാക്കി.
എങ്കിലും സൂര്യ ഒരു ഭാഗത്ത് റണ്‍റേറ്റ് ഉയര്‍ത്തുന്നുണ്ടായിരുന്നു. 14 ഓവര്‍ പിന്നിടുമ്പോഴേക്കും മുബൈ സ്‌കോര്‍ 150 കടന്നിരുന്നു. ഇതിനിടെ സൂര്യകുമാര്‍ അര്‍ധസെഞ്ചുറിയും പിന്നിട്ടു. 15ാം ഓവര്‍ പന്തെറിയാന്‍ വന്ന മോഹിത് ശര്‍മയാണ് കളി മുംബൈയില്‍ നിന്നും തിരിച്ച് ഗുജറാത്തിന്റെ കോര്‍ട്ടിലെത്തിച്ചത്. അത്യുജ്ജ്വല ഫോമിലുണ്ടായിരുന്ന സൂര്യയെ (38 പന്തില്‍ 61) മോഹിത് ബൗള്‍ഡാക്കി. കളിയിലെ ടേണിങ് പോയിന്റ് അതായിരുന്നു. തുടര്‍ന്നങ്ങോട്ട് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. സൂര്യക്ക് പുറമേ വിഷ്ണു വിനോദിനേയും ക്രിസ് ജോര്‍ദാനെയും പീയുഷ് ചൗളയേയും കുമാര്‍ കാര്‍ത്തികയേയും മടക്കി മോഹിത് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി. 18.2 ഓവറില്‍ 171 റണ്‍സിന് മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും കീഴടങ്ങി. ഗുജറാത്തിന് 62 റണ്‍സ് വിജയം, കൂടെ ഫൈനലിലേക്കുള്ള ടിക്കറ്റും.
ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഈ സീസണില്‍ മൂന്ന് സെഞ്ചുറിയുള്‍പ്പെടെ 851 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. ഇനി ഗില്ലിന് ഓറഞ്ച് ക്യാപ്പിനായി എതിരാളികളില്ല. ഒരു സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും
ഗില്ലിനായി. വിരാട് കോലിയാണ് അതില്‍ ഒന്നാമത്. 2016ല്‍ 16 മത്സരങ്ങളില്‍ നിന്ന് 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. രണ്ടാമത് ജോസ് ബട്‌ലറാണ്. 17 മത്സരങ്ങളില്‍ നിന്ന് 863 റണ്‍സാണ് ബട്‌ലര്‍ക്ക് നേടാനായത്. ബട്‌ലറുടെ ഈ റെക്കോര്‍ഡ് അടുത്ത മത്സരത്തില്‍ ഗില്‍ മറികടക്കുമെന്നാണ് പ്രതീക്ഷ.