കോഴിക്കോട് എന്‍.ഐ.ടിയില്‍ ആധുനിക ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ളനൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് എന്‍.ഐ.ടിയില്‍ ആധുനിക ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ളനൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (കെ.എസ്.ഇ.എസ്.ടി.എ) സഹകരണത്തോടെ എന്‍.ഐ.ടി കാലിക്കറ്റ്, സംസ്ഥാനത്തെമ്പാടുമുള്ള ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധര്‍ക്കായി ആധുനിക വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള നൈപുണ്യ വികസന പരിശീലന പരിപാടി (എം.ഇ.വി 2023) നടത്തി. ആധുനിക വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണി, രൂപകല്‍പന, നവീകരണം എന്നിവയില്‍ ആവശ്യമായ അറിവും പ്രായോഗിക വൈദഗ്ധ്യവും ഉള്ള സാങ്കേതികവിദഗ്ധരെ സജ്ജരാക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.

2023 മെയ് 24ന് എന്‍.ഐ.ടി കാലിക്കറ്റിന്റെ ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരത്തിലുള്ള ശില്‍പശാലകള്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ആളുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത വാഹന മേഖലയില്‍ നൂതനമായ നവീകരണം നടത്തുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. പ്രീത.പി അഭിസംബോധന ചെയ്തു.

വൈദ്യുത വാഹനങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ വൈദഗ്ധ്യം പ്രദാനം ചെയ്തു ശാക്തീകരിക്കുന്നതിനാണ്നൈ പുണ്യ വികസന പരിശീലന പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പ്രതിമാസം നടത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ മേഖല പര്യവേക്ഷണം ചെയ്യാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടി, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും മേഖലയിലെ വിദഗ്ധരായ പ്രൊഫ. ജഗദാനന്ദ് ജി, ഡോ. നിഖില്‍ ശശിധരന്‍, ഡോ. ശ്രീലക്ഷ്മി എം.പി, നിതിന്‍ ടി, എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകരായ കണ്ണന്‍ എസ്.എ, അഖില്‍ രാജ്, രഞ്ജിത്ത് ജി. എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഇലക്ട്രിക് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വിവിധ ഭാഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയ്ക്കായി പ്രദര്‍ശിപ്പിച്ചു. ബാറ്ററി ചാര്‍ജറുകളുടെ രൂപകല്‍പ്പനയും തകരാറുകള്‍ കണ്ടുപിടിക്കാനുള്ള കഴിവുകളും മെച്ചപ്പെടുത്തുന്നതിനായി ഒരു പ്രായോഗിക പരിശീലനം നടത്തി. പരിപാടിയുടെ അവസാന ദിവസം ഡീബഗ്ഗിംഗ് മത്സരവും മേഖലയിലെ മുന്നേറ്റങ്ങള്‍ കാണിക്കുന്ന ഇലക്ട്രിക് വാഹന ഡ്രൈവുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മെയ് 26ന് പരിശീലന പരിപാടി സമാപിച്ചു.

ഇലക്ട്രിക് വെഹിക്കിള്‍ എഞ്ചിനീയറിംഗ് മേഖലയിലെ മികവിനും സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എന്‍.ഐ.ടി കാലിക്കറ്റിന്റെ സമര്‍പ്പണത്തെ സംരംഭം എടുത്തുകാണിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള സാമൂഹികവും സാങ്കേതികവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള എന്‍.ഐ.ടിയുടെ അര്‍പ്പണബോധത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *