കോഴിക്കോട്: കോഴിക്കോടിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റീഇന്‍വെന്റ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 30ന് അപ്പോളോ ഡിമോറയില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സി റസാക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ-പൊതുമരാമത്ത് മന്ത്രിമാര്‍, സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന വ്യവസായ വകുപ്പ്, കെ.എസ്.ഐ.ഡി.സി, കെ.ബിപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസി.ഐ.സി.ഐ ബാങ്ക്, യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ സ്ഥാപനങ്ങളും ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കും.
ഐ.ഐ.എം.കെ ഡയരക്ടര്‍, എന്‍.ഐ.ടി ഡയരക്ടര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ എന്നിവരും സംബന്ധിക്കും. സംരംഭ മേഖലയില്‍ നിക്ഷേപിക്കാന്‍ പണമുണ്ട്, എന്നാല്‍ ഐഡിയ ഇല്ല. പണമില്ല, എന്നാല്‍ ഐഡിയയുണ്ട്- ഇവര്‍ക്കാവശ്യമായ ഗൈഡന്‍സ് മീറ്റിലൂടെ നല്‍കും. 300 ഓളം സംരംഭകര്‍ പങ്കെടുക്കും. 2006ല്‍ പാദരക്ഷാ രംഗത്ത് കോഴിക്കോട് 16 സംരംഭങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 146 യൂണിറ്റുകളും അനുബന്ധമായി 500ല്‍ പരം അനുബന്ധ വ്യവസായങ്ങളുമുണ്ട്. 2016ല്‍ രാജ്യത്തെ 50% പിയു പാദരക്ഷകളും കോഴിക്കോടാണ് നിര്‍മിച്ചിരുന്നത്. വ്യവസായരംഗം തിരിച്ചുപിടിക്കുന്നത് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അതിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ഭാരവാഹികളായ ബാബു മാളിയേക്കല്‍(ജനറല്‍ കണ്‍വീനര്‍), എം.അബ്ദുറഹിമാന്‍(കോ-ഓര്‍ഡിനേറ്റര്‍), അനില്‍ബാലന്‍(ചെയര്‍മാന്‍), പോള്‍ വര്‍ഗീസ്(വൈസ് ചെയര്‍മാന്‍) എന്നിവര്‍ പങ്കെടുത്തു.