ഐ ഫോണ്‍ വെള്ളത്തില്‍ വീണു, തിരിച്ചെടുക്കാന്‍ 21 ലക്ഷം ലിറ്ററിന്റെ ജലസംഭരണി വറ്റിച്ചു, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഐ ഫോണ്‍ വെള്ളത്തില്‍ വീണു, തിരിച്ചെടുക്കാന്‍ 21 ലക്ഷം ലിറ്ററിന്റെ ജലസംഭരണി വറ്റിച്ചു, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഛത്തീസ്ഗഡ്: ഐ ഫോണ്‍ ജലസംഭരിയില്‍ വീണതിനെ തുടര്‍ന്ന് തിരിച്ചെടുക്കാനായി ജലസംഭരണി വറ്റിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഫോണ്‍ തിരിച്ചെടുക്കാനായി 21 ലക്ഷം ലിറ്റര്‍ വെള്ളമുള്ള ജലസംഭരണിയാണ് ഉദ്യോഗസ്ഥന്‍ വറ്റിച്ചത്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാജേഷിന്റെ ഒരു ലക്ഷത്തോളം വിലയുള്ള മൊബൈല്‍ ഫോണ്‍ ജലസംഭരണിയില്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ വാട്ടര്‍ ടാങ്കിലെ വെള്ളം വറ്റിച്ചത്.

അവധിക്കാലം ആഘോഷിക്കാന്‍ രാജേഷ് വിശ്വാസ് ഖേര്‍കട്ട അണക്കെട്ട് പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിനിടെയാണ് ഒരു ലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ വെള്ളത്തില്‍ വീണത്. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികള്‍ ഫോണിനായി വെള്ളത്തില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാന്‍ പ്രാദേശിക ഡിവിഷനല്‍ ഓഫിസറില്‍ നിന്നും വാക്കാല്‍ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി.
മൂന്നുദിവസം കൊണ്ടാണ് 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞത്. ഗ്രാമത്തിലെ 1,500 ഏക്കര്‍ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. സംഭവം അറിഞ്ഞ ചിലര്‍ കലക്ടര്‍ക്ക് പരാതി നല്‍കിതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അഞ്ചടി വരെ വെള്ളം വറ്റിക്കാനാണ് ഉദ്യോഗസ്ഥന്‍ വാക്കാല്‍ അനുമതി നല്‍കിയത്. എന്നാല്‍ ഫോണ്‍ കിട്ടാഞ്ഞതോടെ രാജേഷ് 21 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുകയായിരുന്നുവെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങാത്തതിനും ജില്ലാ കലക്ടര്‍ രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. രാജേഷ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫോണ്‍ വെള്ളത്തില്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ അടങ്ങുന്ന ഫോണ്‍ ആയതിനാലാണ് വെള്ളം വറ്റിച്ചതെന്നാണ് രാജേഷ് നല്‍കുന്ന വിശദീകരണം. അതേസമയം വെള്ളം വറ്റിച്ചതോടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *