രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള ‘ തിരുവനന്തപുരം ജില്ലയുടെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ ഒട്ടേറെ കൗതുകം നിറഞ്ഞ ജീവിജാലങ്ങള്‍ കാഴ്ചക്കാരെ കാത്തിരിപ്പുണ്ട്. മേള അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഓമനപ്പക്ഷിയായ ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവോയെ തോളിലും തലയിലും വെച്ച് സെല്‍ഫി എടുക്കുന്നവരുടെ തിരക്ക് രാത്രി വൈകുംതോറും ഏറി വരികയാണ്.
ചാണകത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാകും എന്ന അറിവ് നല്‍കാന്‍ ഒരുക്കിയ സ്റ്റാളിലെ സെല്‍ഫി പോയിന്റ്, ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവോ, മെക്‌സിക്കന്‍ സ്വദേശി ഇഗ്വാന എന്നിവയെ ചേര്‍ത്തുപിടിച്ചുള്ള സെല്‍ഫിക്കായും കാണികളുടെ തിക്കും തിരക്കും കൂടി വരികയാണ്. ഇനി കുതിരപ്പുറത്തു കയറാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് അതിനും വഴിയുണ്ട്. നിത്യവും വകുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ പങ്കെടുത്താല്‍ വിജയികള്‍ക്ക് കുതിരപ്പുറത്തു കയറാന്‍ അവസരം ഒരുക്കും. ആനയുടെ പല്ല്, പശു, ആട്, മുയല്‍, ഗിനിപ്പന്നി, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭസ്ഥ ശിശുക്കളുടെ ഫോര്‍മാലിനില്‍ സൂക്ഷിച്ച സാമ്പിളുകള്‍, കുരങ്ങ്, മൂര്‍ഖന്‍, അണലി എന്നിവയുടെ കൗതുകമുണര്‍ത്തുന്ന ഫോര്‍മാലിനില്‍ സൂക്ഷിച്ച സാമ്പിളുകളും വിവിധ വാക്‌സിനുകളും മൃഗസംരക്ഷണ വകുപ്പില്‍ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസും എത്തി. ഇഗ്വാനയേയും ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവോയേയും കണ്ട കൗതുകത്തില്‍ അവയെ കൈയിലെടുത്തു താലോലിച്ചാണ് അദ്ദേഹം മടങ്ങിയത്.